ന്യു ദൽഹി - വ്യാഴാഴ്ച ഗുജറാത്തിൽ ആഞ്ഞടിക്കുമെന്നു കരുതുന്ന 'വായു' ചുഴലിക്കാറ്റിന് മുന്നോടിയായി തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നത തല മീറ്റിങ്ങിലാണ് സ്ഥിതിഗതികൾ മന്ത്രി വിലയിരുത്തിയത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂന മർദം ചുഴലിക്കാറ്റായി മാറി ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ആളുകളെ മാറ്റിപാർപ്പിക്കൽ, വൈദ്യുതി, ആശയ വിനിമയ മാർഗങ്ങൾ, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കൽ, കേടുപാടുകൾ ഉടനടി പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ വിലയിരുത്തിയത്. 24/ 7 കൺട്രോൾ റൂമുകളുടെ ശരിയായ പ്രവർത്തനവും ഉറപ്പു വരുത്തിയതായി പത്രക്കുറിപ്പിൽ അറിയിച്ചു.
ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകാനിടയുണ്ട്. 1- 1.5 മീറ്റർ ഉയരത്തിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കാനാണ് സാധ്യത. കച്ച്, ദേവ്ഭൂമി ദ്വാരക, പോർബന്ദർ, ജുനഗഡ് , ദിയു, ഗിർ സോംനാഥ്, അംറേലി, ഭാവ്നഗർ എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാനിടയുള്ളതായും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .
ആഭ്യന്തര സെക്രട്ടറി,ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി, കാലാവസ്ഥ കേന്ദ്രത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ തയ്യാറെടുപ്പുക്കൾ വിലയിരുത്തുന്നതിനായി കാബിനറ്റ് സെക്രട്ടറി ചൊവ്വാഴ്ച വൈകുന്നേരം ദേശീയ ദുരന്ത നിവാരണ സമിതിയുമായി യോഗം ചേരുന്നുണ്ട്