ന്യൂ ദൽഹി - ഹ്യുണ്ടായ് മോട്ടോഴ്സിന്റെ ഹൈ പെർഫോമൻസ് മോഡലായ N ബ്രാൻഡ് ഇന്ത്യൻ നിരത്തുകളിൽ 2020 ഓടെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 2020 ൽ ദൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് കാർ ആദ്യം അവതരിപ്പിക്കുക. ഹ്യുണ്ടായ്‌യുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ശ്രേണിയാണ് N ബ്രാൻഡ് കാറുകൾ.
ഹൈ പെർഫോമൻസ് കാറുകളോടുള്ള ഇന്ത്യൻ വിപണിയുടെ തണുത്ത പ്രതികരണവും വിലക്കൂടുതലുമാണ് ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ മടിച്ചതെന്ന് കമ്പനി പറയുന്നു. യുവാക്കളെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ വിപണിയിലേക്ക് N ബ്രാൻഡ് എത്തുന്നത്.
കാഴ്ചയിൽ ഏറെ ആകർഷകമാണ് ഹ്യൂണ്ടായ് N ബ്രാൻഡ്. സ്‌പോയ്‌ലറുകൾ, സൈഡ് സ്കർട്ടുകൾ, ബലവത്തായ ബമ്പറുകൾ, സ്റ്റിക്കറുകൾ, ബാഡ്ജുകൾ എന്നിവ അത്യാകർഷകങ്ങളാണ്. ഫുൾ ഓപ്‌ഷൻ കാറിൽ N സീരീസ് എൻജിനും ഉണ്ടാകും. കൂടുതൽ പവറും ടോർക്കുമാണ് ഈ എൻജിന്റെ പ്രത്യേകത.