ന്യൂദൽഹി- യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് സ്വകാര്യചാനൽ മേധാവിയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തു. നാഷൻ ലൈവ് ചാനൽ മേധാവി ഇഷിക സിംഗ്, എഡിറ്റർ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ പോലീസിൽ ഒരു പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. യോഗി ആദിത്യനാഥിനെതിരെ ഒരു യുവതി നടത്തിയ പരാമർശം വാസ്തവമാണോ എന്ന് പരിശോധിക്കാതെ പ്രസിദ്ധീകരിച്ചുവെന്നാണ് കേസ്. തുടർന്ന് നടത്തിയ പരിശോധനയിൽ ചാനലിന് പ്രവർത്തിക്കാൻ ലൈസൻസില്ലെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. അനധികൃതമായ ചാനൽ പ്രവർത്തിപ്പിച്ചുവെന്ന കേസും ഇവർക്കെതിരെ എടുത്തുവെന്നും പോലീസ് ഉദ്യോഗസ്ഥൻ വൈഭവ് കൃഷ്ണ വ്യക്തമാക്കി.
യോഗിക്കെതിരെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട ഫ്രീലാൻസ് മാധ്യമ പ്രവർത്തകനെ ഇന്നലെ യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പമാണ് ചാനൽ മേധാവിയെയും അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനൗജിയയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ലഖ്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്ന യുവതിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തതിനാണ് കനൗജിയയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി യോഗി ആദിത്യനാഥ് താനുമായി വീഡിയോ ചാറ്റ് നടത്താറുണ്ടായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്. ആദിത്യനാഥിനെ വിവാഹം ചെയ്യാനുള്ള തന്റെ താൽപര്യം യുവതി ആവർത്തിക്കുകയും ചെയ്തിരുന്നു. വീഡിയോ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്ത കനൗജിയ ആദിത്യനാഥിനോട് യുവതിയെ വിവാഹം ചെയ്തുകൂടേയെന്നും എന്തുകൊണ്ടാണ് നിങ്ങളുടെ പ്രണയം പരസ്യപ്പെടുത്താത്തതെന്നും ആക്ഷേപ ഹാസ്യത്തിലൂടെ ചോദിച്ചിരുന്നു. ഇതേ വീഡിയോ ട്വിറ്ററിലും കനൗജിയ പങ്കുവെച്ചിരുന്നു. നിങ്ങൾ ആഗ്രഹിച്ചാലും നിങ്ങളുടെ പ്രണയം ഒളിപ്പിക്കാൻ നിങ്ങൾക്കാകില്ല യോഗിജി എന്നായിരുന്നു ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിന് കൊടുത്ത കാപ്ഷൻ. സംഭവം വിവാദമായതോടെ കനൗജിയയെ ഇന്നലെ ദൽഹിയിലെ വീട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. യു.പി പോലീസ് നേരിട്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് യു.പി പോലീസ് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് വാറന്റ് പോലും നൽകാതെയാണ് കനൗജിയയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. സിവിൽ വേഷത്തിലാണ് പോലീസ് എത്തിയതെന്നും ഹസ്‌റത്ത് ഗഞ്ച് പോലീസ് സ്‌റ്റേഷനിൽനിന്നുള്ളവരാണ് തങ്ങളെന്നാണ്ഇവർ സ്വയം പരിചയപ്പെടുത്തിയതെന്നും കനൗജിന്റെ ഭാര്യ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കാൻ ശ്രമിച്ചുവെന്നാണ് കനൗജിന് എതിരായ കേസ്. അറസ്റ്റിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. നിയമവിരുദ്ധമായ അറസ്റ്റാണെന്ന് ദ വയർ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജ് വ്യക്തമാക്കി.