Sorry, you need to enable JavaScript to visit this website.

ടിക് ടോക് താരം പഠിച്ച കള്ളന്‍; വേറെയും കേസുകള്‍

മുംബൈ- കവര്‍ച്ചക്കേസില്‍ മുംബൈയില്‍ അറസ്റ്റിലായ ടിക് ടോക് താരം അഭിമന്യു ഗുപ്ത നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. എല്ലാ ദിവസവും ചെറുവീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന അഭിമന്യുവിന് ടിക് ടോക്കില്‍ ഒമ്പത് ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. കുര്‍ളയിലെ ബെയില്‍ ബസാര്‍ സ്വദേശിയായ യുവാവിനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ പോലീസിനു ദിവസങ്ങള്‍ വേണ്ടി വന്നു. വൃദ്ധ ദമ്പതികളുടെ വീടു തകര്‍ത്ത് 150 ഗ്രാം സ്വര്‍ണവും 4.7 ലക്ഷം വില വരുന്ന മൊബൈലുകളുമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. ജനുവരി 19 നാണ് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കിയത്. സി.സി.ടി.വി ദൃശ്യം ലഭിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത ശേഷമാണ് ഇയാളുടെ വ്യക്തമായ ചിത്രം ലഭിച്ചത്. മേയ് 28ന് അഭിമന്യുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചില്ല. മോഷണ വസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ആഭരണങ്ങളും ഫോണും സുഹൃത്തിനെ ഏല്‍പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ആഭരണങ്ങളും ഫോണും കണ്ടെത്തിയെന്ന് ജുഹു പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പന്ദാരിനാഥ് വാഹല്‍ പറഞ്ഞു. ആഭരണങ്ങള്‍ ഭാര്യയുടേയതാണെന്നും കുറച്ചുനാള്‍ സൂക്ഷിക്കണമെന്നും പറഞ്ഞാണ് ഏല്‍പിച്ചിരുന്നതെന്ന് സുഹൃത്ത് മൊഴി നല്‍കി. നാല് മാസത്തെ അന്വേഷണത്തിനൊടുവില്‍ പിടിയിലായ അഭിമന്യു പഠിച്ച കള്ളനാണെന്നും നാലോ അഞ്ചോ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഉള്‍പ്പെട്ട കൂടുതല്‍ കേസുകളെ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Latest News