ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇമ്രാന് ഖാന് വീണ്ടും കത്തയച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോഡി – ഇമ്രാന് ചര്‍ച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി കത്തയച്ചത്. ഈ മാസം 13നാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങുന്നത്. ഇമ്രാന് ഖാന്റെ കത്തില്‍ കാശ്മീര്‍ വിഷയത്തെ കുറിച്ചും പറയുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് ആക്രമണത്തിനും ശേഷം മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍, രണ്ടാമൂഴത്തില്‍ അധികാരമേറ്റ മോദി ഇമ്രാനുമായി ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മോദി അധികാരത്തിലെത്തിയതിന് ശേഷം പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഫൈസല്‍ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി , ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. എന്നാല്‍ മാത്രമേ തെക്കേ ഏഷ്യയില്‍ സമാധാനം, വികസനം, സമൃദ്ധി എന്ന നയം നടപ്പാകുമെന്നും വ്യക്തമാക്കിയിരുന്നു.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിച്ച് ഇമ്രാന് ഖാന് രംഗത്തെത്തിയിരുന്നു. ടെലിഫോണ്‍ വഴിയാണ് ഇമ്രാന് ഖാന് പ്രധാനമന്ത്രി മോഡിക്ക് ആശംസകള്‍ പകര്‍ന്നത്.