ഈ മാസം 19ന് ഹരിദ്വാറില്‍ ആരംഭിക്കുന്ന മാര്‍ഗനിര്‍ദേശക് മണ്ഡല്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും
ന്യൂദല്‍ഹി- വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയിരിക്കെ, ഗോരക്ഷയും അയോധ്യയിലെ രാമക്ഷേത്രവും ഉള്‍പ്പെടെയുള്ള തങ്ങളുടെ അജണ്ട മുന്നോട്ടു വെക്കാന്‍ ഒരുങ്ങി വിശ്വഹിന്ദു പരിഷത്ത്. ഈ മാസം 19ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ചേരുന്ന ദ്വിദിന സമ്മേളനത്തില്‍ വി.എച്ച്.പി ആവശ്യങ്ങള്‍ ഉന്നയിക്കും. സുപ്രധാന യോഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ സംബന്ധിക്കും. ഗോരക്ഷക്കും രാമക്ഷേത്രത്തിനും പുറമെ, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും ഹിന്ദുക്കള്‍ വെല്ലുവിളി നേരിടുന്ന കേരളത്തിലെ ശബരിമല വിഷയവും വി.എച്ച്.പി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
രാമക്ഷേത്രം ഇനിയും വൈകിക്കൂടെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എച്ച്.പി മുന്നോട്ടു വരിക. ഇത് മുഖ്യ തെരഞ്ഞെടുപ്പ് വിഷയവും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതുമാണ്. ഏഴടി ഉയരത്തില്‍ ഈട്ടിമരത്തില്‍ തീര്‍ത്ത രാമന്റെ പ്രതിമ അയോധ്യയില്‍ കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാഛാദനം ചെയ്തിരുന്നു.
കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍ യോഗത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള സന്യാസിമാര്‍ പങ്കെടുത്ത് രാജ്യത്ത് ഹിന്ദു സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുമെന്ന് വി.എച്ച്.പി ഭാരവാഹികള്‍ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു കൈമാറുന്നത് സംബന്ധിച്ച് ഹരിദ്വാറില്‍ ചേരുന്ന യോഗമാണ് തീരുമാനമെടുക്കുക.
രാമക്ഷേത്ര വിഷയത്തില്‍ രാഷ്ട്രപതിയെ കാണാനും എല്ലാ സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാരെ സന്യാസിമാര്‍ സന്ദര്‍ശിക്കാനും 2018 ല്‍ ചേര്‍ന്ന മാര്‍ഗനിര്‍ദേശക മണ്ഡല്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഇക്കുറിയും കാര്യങ്ങള്‍ സന്യാസിമാരാണ് തീരുമാനിക്കുകയെന്ന് വി.എച്ച്.പി ഭാരവാഹി പറഞ്ഞു.
ജൂണ്‍ 29, 30 തീയതികളില്‍ ജമ്മുവില്‍ നടക്കുന്ന യോഗമാണ് മര്‍ഗനിര്‍ദേശക് മണ്ഡല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക. ജമ്മു യോഗത്തില്‍ വി.എച്ച്.പിയുടെ എല്ലാ ഭാരവാഹികളും പങ്കെടുക്കും.