ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയാറാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.പിയില്‍ രൂപംകൊണ്ട മഹാസഖ്യത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറുകയാണെന്നും തനിച്ച് മത്സരിക്കുമെന്നുമുള്ള മായാവതിയുടെ പ്രസ്താവനക്കു പിന്നാലെയാണ് അഖിലേഷിന്റെ പ്രഖ്യാപനം. ഇതോടെ മഹാസഖ്യത്തില്‍നിന്ന് ഇരുപാര്‍ട്ടികളും വേര്‍പിരിയുകയാണെന്ന് ഉറപ്പായി.
സഖ്യമില്ലെങ്കില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് അഖിലേഷ് പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ട് ബാങ്കായ യാദവ സമുദായത്തില്‍നിന്ന് പാര്‍ട്ടിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സഖ്യം വിടുകയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി കഴിഞ്ഞ ദിവസം സൂചന നല്‍കിയത്. പാര്‍ട്ടിയുടെ പ്രമുഖരായ സ്ഥാനാര്‍ഥികളടക്കം പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ പിരിയുന്നത് താല്‍ക്കാലികമാണെന്നും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ വിജയിക്കുകയാണെങ്കില്‍ വീണ്ടും ഒന്നിച്ച് പോരാടുമെന്നും മായാവതി പറഞ്ഞിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ബി.എസ്.പി-എസ്.പി സഖ്യം ഉരുത്തിരിഞ്ഞതു മുതല്‍ അഖിലേഷും അദ്ദേഹത്തിന്റെ പത്‌നി ഡിംപിള്‍ യാദവും എനിക്ക് വേണ്ടുവോളം ബഹുമാനം തന്നിരുന്നു. രാജ്യതാല്‍പര്യം മുന്നില്‍ കണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും ഞാനും മറന്നു. അവരെ ഞാനും ബഹുമാനിച്ചു. രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കിയുള്ളതല്ല ഞങ്ങളുടെ ബന്ധം. അത് എല്ലാ കാലവും തുടരും -മായാവതി പറഞ്ഞു.