ന്യൂദല്‍ഹി- നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധനെ കണ്ട് നിവേദനം നല്കി. ഗൗരവ സാഹചര്യം പരിഗണിച്ച് നിപ്പ വൈറസ് ബാധയെക്കുറിച്ച് മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പഠനം നടത്തിയ യു.എന്‍ സംഘത്തെ എത്തിക്കണമെന്ന് എം.പിമാര്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് നിപ്പ കണ്ട്രോള് ലബോറട്ടറി തുടങ്ങണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി നിപ്പ പരിശോധനാ കിറ്റ് ലഭ്യമാക്കണമെന്നും എം.പിമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, രമ്യ ഹരിദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സമയോചിത ഇടപെടലിനെ എം.പിമാരുടെ സംഘം അഭിനന്ദിച്ചു. രോഗബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക സര്‍ക്കാര്‍ ശേഖരിച്ചു വരികയാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്താന്‍ ഇവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മധ്യവേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഏറെ തിരക്കുള്ള എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിനോദ സഞ്ചാരികളുടെ വരവ് തടസ്സപ്പെടാത്ത തരത്തിലുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിക്കു നല്കിയ നിവേദനത്തില്‍ എം.പിമാര്‍ ആവശ്യപ്പെട്ടു.