ന്യൂദല്‍ഹി- സഹായത്തിനു പകരം പെണ്‍കുട്ടികളോട് ലൈംഗിക ബന്ധം ആവശ്യപ്പെടുന്നതിനു തുല്യമാണ് ആനുകൂല്യം നല്‍കിയും നിര്‍ബന്ധിച്ചുമുള്ള മതപരിവര്‍ത്തനമെന്ന് ഒഡീഷയില്‍നിന്നുള്ള എം.പിയും മൃഗസംരക്ഷണ സഹമന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗി.
1999 ല്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ട് മക്കളേയും ഹിന്ദുത്വ ഭീകര്‍ തീയിട്ടു കൊലപ്പെടുത്തിയപ്പോള്‍ ഒഡീഷ ബജ്റംഗ്ദള്‍ നേതാവായിരുന്നു സാരംഗി.
1967 ലെ മതസ്വാതന്ത്ര്യ നിയമത്തിനെതിരായതിനാല്‍ താന്‍ മതപരിവര്‍ത്തനത്തിന് എതിരാണെന്ന് ദ പ്രിന്റ് വെബ് സൈറ്റിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി സാരംഗി പറഞ്ഞു.
മെഡിക്കല്‍ അല്ലെങ്കില്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഒരു പെണ്‍കുട്ടിയെ സഹായിച്ചതിനു പകരം അവളെ ലൈംഗികമായി ആസ്വദിക്കാന്‍ ചോദിക്കുന്നത് മനുഷ്യത്വ രഹിതമായ കുറ്റകൃത്യമാണ്. ഇതുപോലെ എതെങ്കിലും സേവനമോ പണമോ നല്കിയതിനുശേഷം ഒരാളുടെ വിശ്വാസം ചൂഷണം ചെയ്യുന്നതും മതപരിവര്‍ത്തനം നടത്തുന്നതും കുറ്റകൃത്യമായി കാണണം. പ്രകൃതിക്കും മാനവികതക്കുമെതിരായ കുറ്റകൃത്യമാണിത്- അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന് മുതല്‍ മഹാത്മാഗാന്ധി വരെ നിരവധി മഹാന്മാര് മതപരിവര്‍ത്തനത്തെ എതിര്‍ത്തിട്ടുണ്ടെന്നും ആരും മതപരിവര്‍ത്തനം ഇഷ്ടപ്പെടുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.