എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാതിലില്‍ തുള; സുരക്ഷിതമായി നിലത്തിറക്കി

സാന്‍ ഫ്രാന്‍സിസ്‌കോ- ദല്‍ഹിയില്‍ നിന്നും യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കു പറന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാതിലില്‍ തുള കണ്ടെത്തി. വാതിലിനു താഴ്ഭാഗത്തായാണ് വിടവ് കണ്ടത്. വിമാനം സുരക്ഷിതമായി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ലാന്‍ഡി ചെയ്തു. തുള കണ്ടെത്തിയ ഭാഗത്ത് എങ്ങനെയാണ് തകരാറ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്ന് കമ്പനി അറിയിച്ചു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ് റൂട്ടുകളിലൊന്നാണ് ദല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ. വാതിലിലെ തകരാറ് വിമാനത്തിനകത്ത് മര്‍ദന വ്യതിയാനമോ മറ്റു പ്രയാസങ്ങളോ ഉണ്ടാക്കിയില്ല. അതേസമയം വാതിലിനു സമീപത്തു നിന്ന് ചെറിയ ശബ്ദം പുറത്തു വന്നിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും ക്യാബിന്‍ മര്‍ദം ശരിയായ നിയന്ത്രിച്ചിരുന്നതിനാല്‍ ഇതിനു സാധ്യതയില്ലെന്ന് അധികൃതര്‍ പറയുന്നു.

എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനത്തിലാണ് തകരാറ് കണ്ടത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇടതു വശത്തെ എന്‍ട്രി ഡോറിന്റെ വലത്തെ മൂലയില്‍ തുള/ വിടവ് കണ്ടത്. യുഎസിലെ വിമാന മെയ്ന്റനന്‍സ് ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് ധനജ്ഞയ് കുമാര്‍ പറഞ്ഞു. 

ദല്‍ഹിയില്‍ നിന്ന് പറന്നുയരുമ്പോള്‍ വിമാന വാതിലിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും എന്‍ജിനീയറിങ് വിഭാഗം ഈ വാതിലില്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഒരു മുതിര്‍ന്ന എയര്‍ ഇന്ത്യ എന്‍ജിനീയര്‍ പറഞ്ഞു.
 

Latest News