മുംബൈ - ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിറകെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മഹാരാഷ്ട്ര എന്‍.ഡി.എ സഖ്യം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും തുല്യ സീറ്റുകളില്‍ മത്സരിക്കുമെന്നാണു വിവരം.
ബി.ജെ.പിയും ശിവസേനയും 135 വീതം സീറ്റുകളില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മന്ത്രിയുമായ ചന്ത്രകാന്ദ് പാട്ടീല്‍ പറഞ്ഞു. ആകെയുള്ള 288 സീറ്റുകളില്‍ ബാക്കി വരുന്ന 18 ഇടത്ത് സഖ്യകക്ഷികളായ മറ്റു ചെറിയ കക്ഷികള്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പിക്ക് 122 എം.എല്‍.എമാരാണുള്ളത്. എട്ട് സ്വതന്ത്രര്‍ ബി.ജെ.പിയെ പിന്തുണക്കുകയും ചെയ്യുന്നു. ശിവസേനയ്ക്ക് 63 അംഗങ്ങളുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി പോരാടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഫഡ്‌നാവിസും വ്യക്തമാക്കിയിരുന്നു.
വരുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.