ന്യൂദല്‍ഹി- ഭീകര സംഘടനയായ ഐ.എസിന്റെ കേരളത്തിലെ ഘടകത്തിന് നേതൃത്വം നല്‍കിയെന്ന് കരുതുന്ന റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഖുറോസാന്‍ പ്രവിശ്യയിലെ ഐ.എസ് അംഗമാണ് വെളിപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് ഒരു മാസം മുമ്പ് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് അബ്ദല്ലയും കുടുംബവും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ടെലഗ്രാം ചാറ്റിലൂടെ റാഷിദ് അബ്ദുല്ലക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ചപ്പോള്‍ മരിച്ചുവെന്നാണ് മറുപടി ലഭിച്ചത്. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ രണ്ട് കുടുംബങ്ങള്‍ കൊല്ലപ്പെട്ടുവെന്നും അതില്‍ റാഷിദ് അബ്ദുല്ലയും ഉള്‍പ്പെടുമെന്നും ഐ.എസ് അംഗം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ മൂന്ന് ഇന്ത്യന്‍ സഹോദരങ്ങളും രണ്ട് ഇന്ത്യന്‍ വനിതകളും നാല് കുട്ടികളും ഉള്‍പ്പെടുമെന്നും ഒരു മാസം മുമ്പായിരുന്നു ആക്രമണമെന്നും ഇയാള്‍ വെളിപ്പെടുത്തി.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദ് അബ്ദുല്ലയാണ് മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പും റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് അയാള്‍ തന്നെ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു. 2016 ജൂണിലാണ് റാഷിദ് അബ്ദുല്ലയും ഭാര്യയുമടങ്ങുന്ന 21 അംഗ സംഘം ഐ.എസില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്.
അഫ്ഗാനിസ്ഥാനിലെത്തിയ റാഷിദ് ഐ.എസ് ആശയങ്ങള്‍ വിശദീകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ടെലഗ്രാം ആപ്പിലൂടെ അയച്ചിരുന്നു. കേരളത്തില്‍ ഭീകരാക്രമണത്തിനു പദ്ധതിയുട്ടുവെന്ന സംശയത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ തനിക്ക് റാഷിദ് അബ്ദുല്ലയുമായി ദീര്‍ഘകാലത്തെ ഓണ്‍ലൈന്‍ ബന്ധമുണ്ടെന്ന് സമ്മതിച്ചിരുന്നു.