കൊല്‍ക്കത്ത- കോടതിയലക്ഷ്യക്കേസില്‍ ജയിലിലടച്ച ജസ്റ്റിസ് സി.എസ്.കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്എസ്‌കെഎം ആശുപത്രിയിലാണ് 62 കാരനായ കര്‍ണനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ രക്ത സമ്മര്‍ദം കൂടുതലാണ്.
തടവുശിക്ഷ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമമെന്ന നിലയില്‍ നല്‍കിയ ജാമ്യാപേക്ഷയും സുപ്രീംകോടതി നിരസിച്ചതോടെയാണ് കര്‍ണനെ ജയിലിലേക്ക് മാറ്റിയത്. ശിക്ഷവിധിച്ച ഏഴംഗ ബെഞ്ചിനെ സമീപിക്കാനായിരുന്നു സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ നിര്‍ദേശം. ജാമ്യം അനുവദിക്കണമെന്നും ശിക്ഷ സ്‌റ്റേ ചെയ്യണമെന്നുമുളള ആവശ്യങ്ങള്‍ ഏഴംഗ ബെഞ്ചിനു മുന്നില്‍ തന്നെ പറയണമെന്നും കോടതി നിര്‍ദേശിച്ചു. അവധി കഴിഞ്ഞ് തുറക്കുന്ന അടുത്തമാസം മൂന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്ന് കര്‍ണന്റെ അഭിഭാഷകന്‍ അറിയിച്ചു.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അവധിക്കാല ബെഞ്ചാണു കര്‍ണന്റെ ഹരജി നിരസിച്ചത്. വിഷയത്തില്‍ യാതൊരു ഇളവും അനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ മാത്യു ജെ. നെടുമ്പാറയാണ് ജസ്റ്റിസ് കര്‍ണനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ബുധനാഴ്ച എയര്‍ ഇന്ത്യവിമാനത്തില്‍ ചെന്നൈയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്ന കര്‍ണനെ വിമാനത്താവളത്തില്‍ വൈദ്യപരിശോധനകള്‍ക്ക് ശേഷം നേരിട്ട് പ്രസിഡന്‍സി ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കോയമ്പത്തൂരില്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ കര്‍ണനെ ബുധനാഴ്ചയാണ് കൊല്‍ക്കത്തയിലെത്തിച്ചത്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ബംഗാള്‍ പോലീസാണു കര്‍ണനെ പിന്തുടര്‍ന്നു പിടികൂടിയത്. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒന്നരമാസം ഒളിവിലായിരുന്നു.
കഴിഞ്ഞമാസം ഒമ്പതിനാണു ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി.എസ്. കര്‍ണനെ ആറുമാസം തടവിനു ശിക്ഷിച്ചത്. ദലിതനായ തന്നെ സഹജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണു വിവാദത്തിലായത്. വിധി പ്രഖ്യാപിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍നിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു കര്‍ണന്‍. പിന്നീട് ഒളിവില്‍ പോയ അദ്ദേഹത്തെ കോയമ്പത്തൂരില്‍നിന്നു 15 കിലോമീറ്റര്‍ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സര്‍വകലാശാലയ്ക്കു സമീപത്തെ വീട്ടില്‍നിന്നാണു ബംഗാള്‍ പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.