ജറൂസലം- നൂറുകണക്കിന് ജൂത കുടിയേറ്റക്കാരും ഇസ്രായില്‍ സേനയും മസ്ജിദുല്‍ അഖ്സ കോമ്പൗണ്ടില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ജറൂസലമിന്റെ പുനരേകീകരണം അനുസ്മരിക്കാന്‍ അഖ്സ കോമ്പൗണ്ടില്‍ സമ്മേളിക്കാന്‍ ജൂത സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെയാണ് 1179 ജൂത തീവ്രവാദികള്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറിയതെന്ന് അല്‍ അഖ്സ പള്ളി ഡയരക്ടര്‍ ഉമര്‍ കിസ്വാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്രായില്‍ പോലീസിന്റെ സംരക്ഷണത്തോടെയാണ് ഇവര്‍ വിശുദ്ധ മാസത്തില്‍ അല്‍ മുഖറബ ഗേറ്റിലൂടെ പ്രവേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പള്ളി കോമ്പൗണ്ടിലേക്ക് ജൂത തീവ്രവാദികളെ കടത്തി വിട്ടതോടെ പള്ളിലുണ്ടായിരുന്ന ആയിരക്കണക്കിന് വിശ്വസികള്‍ അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയെന്ന് ജറൂസലം വഖഫ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലി പോലീസ് വിശ്വാസികളെ ആക്രമിച്ചുവെന്നും ഒരു പള്ളി കാവല്ക്കാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഏജന്‍സി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ സഹായം നല്കാന് പോലീസ് സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കണ്ണീര് വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയും തെക്കന്‍ കെട്ടിടത്തിന്റെ പ്രവേശന കവാടം വരെ തുരത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഘര്‍ഷത്തിനുശേഷം അല്‍ അഖ്സ കോമ്പൗണ്ടിലെ അല്‍ മുഖറബ ഗേറ്റ് ഇസ്രായില്‍ പോലീസ് അടച്ചു.