ബി.ജെ.പി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ സജീവം
ന്യൂദല്‍ഹി - അമിത് ഷാ മോഡി മന്ത്രിസഭയില്‍ ആഭ്യന്തരകാര്യം ഏറ്റെടുത്തതോടെ പാര്‍ട്ടിയുടെ 'ആഭ്യന്തരം' ഇനി ആര് നോക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. ഒന്നാം മോഡി സര്‍ക്കാരിലെ പോലെ അമിത് ഷാ പാര്‍ട്ടിയെ നേരിട്ടു നയിക്കുകയും സര്‍ക്കാരിനെ പിന്നില്‍ നിന്നു നിയന്ത്രിക്കുകയും ചെയ്യുമെന്ന തരത്തില്‍ നിരീക്ഷണമുണ്ടായിരുന്നെങ്കിലും ആകാംക്ഷകള്‍ക്കൊടുവില്‍ അദ്ദേഹം മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. ഇന്ന് ആഭ്യന്തര മന്ത്രാലയത്തിലെത്തി ഔദ്യോഗികമായി ചുമതലയേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മോഡി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന ജെ.പി നഡ്ഡയെയാണ് അമിത് ഷാക്കു പകരം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് കേള്‍ക്കുന്ന വിവരം. രാജ്യസഭാ എം.പി ഭൂപേന്ദ്ര യാദവിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഒരു ആക്ടിങ് പ്രസിഡന്റിനെ നിശ്ചയിച്ച് പാര്‍ട്ടി ഭരണം അമിത് ഷാ തന്നെ തുടരുമെന്നും പറയപ്പെടുന്നുണ്ട്.
2014 ജൂലൈയിലാണ് അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. പ്രസിഡന്റായിരുന്ന രാജ്നാഥ് സിങ് മോഡി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായതിനു പിറകെയായിരുന്നു ഇത്. സാധാരണ മൂന്നു വര്‍ഷമാണ് പാര്‍ട്ടി അധ്യക്ഷന്റെ കാലാവധി. എന്നാല്‍, 2013ല്‍ നിതിന്‍ ഗഡ്കരിയില്‍ നിന്ന് സ്ഥാനം ഏറ്റെടുത്ത രാജ്നാഥിന് ഒന്നര വര്‍ഷമേ സ്ഥാനത്തിരിക്കാനായുള്ളൂ. രാജ്നാഥിന്റെ ബാക്കിയുള്ള കാലാവധി പൂര്‍ത്തിയാക്കിയ അമിത് ഷാ 2016ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2019 ജനുവരിയോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ അദ്ദേഹത്തിന് കാലാവധി നീട്ടുനല്കാന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. മൂന്നു മാസത്തിനകം അംഗത്വ കാംപയിന് പൂര്‍ത്തിയാക്കി മണ്ഡലം, ജില്ലാ, സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുത്ത ശേഷമായിരിക്കും പുതിയ കേന്ദ്ര നേതൃത്വം നിലവില്‍വരിക എന്നാണു ബി.ജെ.പി വൃത്തങ്ങള്‍ നല്കുന്ന സൂചന.