ന്യൂദല്‍ഹി- കോണ്‍ഗ്രസ് ആസ്ഥാനത്തിനു എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ വസതിയില്‍ ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ പോര്‍വിമാനത്തിന്റെ മാതൃക സ്ഥാപിച്ചു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന സുഖോയ് പോര്‍വിമാന മാതൃക മാറ്റിയാണ് പുതുതായി വ്യോമ സേന വാങ്ങുന്ന അത്യാധുനി പോര്‍വിമാനമായ റഫാലിന്റെ മാതൃക ഇവിടെ സ്ഥാപിച്ചത്. ഫ്രാന്‍സുമായുള്ള റഫാല്‍ ഇടപാടില്‍ അഴിമതി നടന്നട്ടുണ്ടെന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന്റെ ആസ്ഥാനത്തിന് നേരെ എതിര്‍വശത്താണ് യാദൃശ്ചികമെന്നോണം ഇതു സ്ഥാപിച്ചത്. 2016ല്‍ ഫ്രാന്‍സുമായി ഒപ്പു വച്ച കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദാസോ നല്‍കും. ഈ വര്‍ഷം സെപ്തംബറില്‍ ആദ്യ വിമാനം ഇന്ത്യന്‍ വ്യോമ സേനയ്ക്കു കൈമാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇത് 1500 മണിക്കൂര്‍ പറക്കല്‍ നടത്തി ഇന്ത്യന്‍ സാഹചര്യങ്ങളോട് ഇണങ്ങുന്നതാണോ എന്ന് പരിശോധിച്ച് വിലയിരുത്തേണ്ടതുണ്ട്. ഇതിനു ശേഷമാണ് ആദ്യ ബാച്ചായി നാലു റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുക. 2020 മേയില്‍ ഇതു ലഭിക്കുമെന്നാണ് പ്രതീക്ഷ.