Sorry, you need to enable JavaScript to visit this website.

അമിത് ഷാ മന്ത്രിസഭയിൽ; അരുൺ ജെയ്റ്റ്‌ലി ഇല്ല 

ന്യൂദൽഹി-രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ മോഡിയും മനഃസാക്ഷിയുടെ കാവൽക്കാരനും കരുത്തുമായ അമിത് അനിൽചന്ദ്ര ഷായും മറ്റു മന്ത്രിമാരും സത്യവാചകം ചൊല്ലി മന്ത്രിമാരായി. മോഡിക്കു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗ് ആണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ വേദിയിൽ അമിത് ഷായുടെ ഊഴം മൂന്നാമതായിരുന്നു. കേരളത്തിൽ നിന്നുള്ള മലയാളി മന്ത്രിയായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തു.
    മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി മന്ത്രിസഭയിൽ തന്നെ ഒപ്പം ചേർക്കരുതെന്ന് മോഡിയോട് നേരിട്ട് അഭ്യർഥിച്ചിരുന്നു. അതിന് പിന്നാലെയാണ് അമിത് ഷാ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉത്തരം നൽകാതെ ബി.ജെ.പി മൗനം പാലിച്ചു നിന്നത്. എന്നാൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ ജിതേന്ദ്രഭായ് വഘാനി നിയുക്ത മന്ത്രി അമിത് ഷായ്ക്ക് ആശംസകൾ അർപ്പിച്ച് ട്വീറ്റ് ചെയ്തതോടെയാണ് അദ്ദേഹം മന്ത്രിസഭയിലുണ്ടെന്നു വ്യക്തമായത്. നിലവിലെ സ്ഥിതിയനുസരിച്ച് രാജ്നാഥ് സിംഗ് ആഭ്യന്തര മന്ത്രിയായി തുടരുകയും അമിത് ഷാ കേന്ദ്ര ധനമന്ത്രിയാകുമെന്നുമാണ് സൂചന. സത്യപ്രതിജ്ഞ ചെയ്തവരിൽ 25 കാബിനറ്റ് മന്ത്രിമാരും ഒമ്പതു സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 24 സഹമന്ത്രിമാരും ഉണ്ടെന്നാണ് വിവരം. വകുപ്പുകൾ പിന്നീട് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും വ്യക്തമാക്കുക. കഴിഞ്ഞ മോഡി മന്ത്രിസഭയിലെ മിന്നുന്ന താരമായിരുന്ന സുഷമ സ്വരാജിന് ഇന്നലെ സത്യപ്രതിജ്ഞാ വേദിക്കു മുന്നിൽ അതിഥികളുടെ ഇടയിലായിരുന്നു സ്ഥാനം. കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മേനക ഗാന്ധിയും ഇത്തവണ മന്ത്രിയായില്ല. പകരം മേനക ഗാന്ധി പതിനേഴാം ലോക്‌സഭയുടെ ഇടക്കാല സ്പീക്കറാകും.
    കൃത്യം ഏഴു മണിക്ക് തന്നെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വേദിയിലേക്ക് വന്നതോടെ ദേശീയ ഗാനാലപനത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോഡി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. സദസ്സിൽ നിന്നുയർന്ന ആർപ്പുവിളികൾക്കിടയിൽ ഈശ്വര നാമത്തിൽ മോഡി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യു.പി.എ ചെയർപേഴ്‌സൻ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ഗുലാം നബി ആസാദ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തി.
    നിതിൻ ജയറാം ഗഡ്കരിയാണ് അമിത് ഷായ്ക്കു പിന്നാലെ നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. ഡി.വി. സദാനന്ദ ഗൗഡ അഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമനാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് എൽ.ജെ.പി നേതാവ് രാം വിലാസ് പസ്വാൻ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്, ശിരോമണി അകാലിദൾ നേതാവ് ഹർ സിമ്രത് കൗർ ബാദൽ, തവർ ചന്ദ് ഗെലോട്ട്, മുൻ വിദേശകാര്യ സെക്രട്ടറി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേഷ് പോഖ്‌റിയാൽ നിഷങ്ക്, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി അർജുൻ മുണ്ട, സ്മൃതി സുബിൻ ഇറാനി, ഡോ. ഹർഷവർധൻ, പ്രകാശ് കേശവ് ജാവഡേക്കർ, പിയൂഷ് ജയപ്രകാശ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, പ്രഹഌദ് ജോഷി, ഡോ. മഹേന്ദ്ര നാഥ് പാണ്ഡേ, ഡോ. അരവിന്ദ് ജൻപഥ് സാവന്ത്, ഗിരിരാജ് സിംഗ്, സന്തോഷ് ഗാംഗ്‌വാർ, വി. മുരളീധരൻ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു മന്ത്രിമാരായി. 
            മന്ത്രിയാകാൻ ഉള്ളവരെ അമിത് ഷാ നേരിട്ടു ഫോണിൽ വിളിക്കുകയായിരുന്നു എന്നാണ് വിവരം. അഞ്ചു മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ താൻ ഉണ്ടാകും. ഏഴു മണിക്കാണ് സത്യപ്രതിജ്ഞ. അഞ്ചു മണിക്ക് പ്രധാനമന്ത്രി ചായ സൽക്കാരം നടത്തുന്നുണ്ട്. അതിന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് നമുക്ക് സത്യപ്രതിജ്ഞയ്ക്ക് പോകാം എന്നാണ് ഡി.വി. സദാനന്ദ ഗൗഡ ഉൾപ്പെടെയുള്ളവരോട് അമിത് ഷാ ഫോൺ വിളിച്ചു പറഞ്ഞത്. 
    ബിഹാറിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിൽ നിന്ന് ആരും തന്നെ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായില്ല. എന്നാൽ എൻ.ഡി.എ സഖ്യകക്ഷിയായി തുടരുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിയും ആയിരുന്നു ജെ.ഡി.യു ആവശ്യപ്പെട്ടത്. എന്നാൽ ബി.ജെ.പി ഇതിന് തയാറാകാതിരുന്നതോടെയാണ് ജെ.ഡി.യു പിൻമാറിയത്. 
    ബംഗാളിൽ രാഷ്ട്രീയ സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധ സൂചകമായി ചടങ്ങിൽ പങ്കെടുത്തില്ല. 
    രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി നരേന്ദ്ര മോഡി ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്്മൃതികുടീരമായ സധൈവ് അടൽ സമാധിയും സന്ദർശിച്ച് ആദരം അർപ്പിച്ചു. 


$ മോഡിയും മന്ത്രിമാരും

നരേന്ദ്ര മോഡി (ഗുജറാത്ത്)

രാജ്‌നാഥ് സിംഗ്  (ഉത്തർ പ്രദേശ്)

അമിത് ഷാ  (ഗുജറാത്ത്)

നിതിൻ ഗഡ്കരി (മഹാരാഷ്ട്ര)

സദാനന്ദ ഗൗഡ (കർണാടക)

നിർമല സീതാരാമൻ  (തമിഴ്‌നാട്)

രാംവിലാസ് പാസ്‌വാൻ (ബിഹാർ,  എൽ.ജെ.പി)

നരേന്ദ്രസിംഗ് തോമർ (മധ്യപ്രദേശ്)

രവിശങ്കർ പ്രസാദ് (ബിഹാർ)

ഹർസിമ്രത് കൗർ ബാദൽ  (പഞ്ചാബ്, ശിരോമണി അകാലിദൾ)

താവർചന്ദർ ഗെഹ്‌ലോട്ട് (മധ്യപ്രദേശ്)

സ്മൃതി ഇറാനി (ഉത്തർ പ്രദേശ്)

ഡോ. ഹർഷവർധൻ (ദൽഹി)

പ്രകാശ് ജാവദേക്കർ  മഹാരാഷ്ട്ര

പീയൂഷ് ഗോയൽ  (മഹാരാഷ്ട്ര)

ധർമേന്ദ്ര പ്രധാൻ  (ഒഡീഷ)

മുക്താർ അബ്ബാസ് നഖ്‌വി  (ഉത്തർപ്രദേശ്)

ഗിരിരാജ് സിംഗ്  (ബിഹാർ)

ഗജേന്ദ്രസിംഗ് ഷെഖാവത്ത്  (രാജസ്ഥാൻ)

സന്തോഷ് കുമാർ ഗംഗ്‌വാർ  (ഉത്തർപ്രദേശ്)

റാവു ഇന്ദർജിത്ത് സിംഗ് (ഹരിയാന)

ശ്രീപദ് നായിക് (ഗോവ)

ഡോ. ജിതേന്ദർ സിംഗ് (ജമ്മു കശ്മീർ)

കിരൺ റിജിജു (അരുണാചൽ പ്രദേശ്)

രാജ്കുമാർ സിംഗ് (ബീിഹാർ)

ഹർദീപ് സിംഗ് പുരി  (പഞ്ചാബ്)

മൻസൂഖ് മാണ്ഡവ്യ (ഗുജറാത്ത്)

ഫഗൻസിംഗ് കുലസ്‌തെ (മധ്യപ്രദേശ്)

അശ്വിനികുമാർ ചൗബെ  (ബിഹാർ)

അർജുൻ മേഘ്‌വാൾ  (രാജസ്ഥാൻ)

ജനറൽ വി.കെ. സിംഗ് (ഉത്തർപ്രദേശ്)

പുരുഷോത്തം രുപാല  (ഗുജറാത്ത്)

രാംദാസ് അത്താവ്‌ലെ   (മഹാരാഷ്ട്ര, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ)

കൃഷൻപാൽ ഗുജ്ജാർ   (ഹരിയാന)

സാധ്‌വി നിരഞ്ജൻ ജ്യോതി  (ഉത്തർപ്രദേശ്)

ബാബുൽ സുപ്രിയോ  (പശ്ചിമ ബംഗാൾ)

സഞ്ജീവ് കുമാർ ബല്യാൻ  (ഉത്തർപ്രദേശ്)


മന്ത്രിസഭയിലെ പുതുമുഖങ്ങൾ

എസ്. ജയശങ്കർ  (ദൽഹി)

രമേഷ് പൊഖ്രിയാൽ  (ഉത്തരാഖണ്ഡ്)

അർജുൻ മുണ്ട  (ജാർഖണ്ഡ്)

പ്രഹ്ലാദ് ജോഷി  (കർണാടക)

ഡോ. മഹേന്ദ്രനാഥ് പാണ്ഡെ  (ഉത്തർ പ്രദേശ്)

ഡോ. അരവിന്ദ് ഗണപത് സാവന്ത്  (മഹാരാഷ്ട്ര,  ശിവസേന)

പ്രഹ്ലാദ് സിംഗ് പട്ടേൽ (മധ്യപ്രദേശ്)

റാവുസാഹേബ് ധാൻവെ  (മഹാരാഷ്ട്ര)

ജി. കൃഷൻ റെഡ്ഡി തെലങ്കാന

അനുരാഗ് സിംഗ് ഠാക്കൂർ (ഹിമാചൽ പ്രദേശ്)

സുരേഷ് അംഗാതി (കർണാടക)

നിത്യാനന്ദ് റായ് (ബിഹാർ)

രത്തൻലാൽ കട്ടാരിയ  (ഹരിയാന)

വി. മുരളീധരൻ (കേരളം)

സഞ്ജയ് ശ്യാംറാവു ധോത്രേ (മഹാരാഷ്ട്ര)

രേണുക സിംഗ് (ഛത്തീസ്ഗഢ്)

സോം പ്രകാശ് (പഞ്ചാബ്)

രാമേശ്വർ തേലി (അസം)

പ്രതാപ് ചന്ദ്ര സാരംഗി (ഒറീസ)
 

Latest News