വാഷിങ്ടണ് - ഐഫോണില്‍ നിങ്ങള്‍ സുരക്ഷിതരാണെന്നു കരുതുന്നുവെങ്കില്‍ വെറുതെയാണ്. ഐഫോണുകള്‍ വഴി ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. ഐഒഎസ് ആപ്ലിക്കേഷനുകളിലൂടെയാണ് ഉപഭോക്താക്കള്‍ അറിയുക പോലും ചെയ്യാതെ വ്യക്തിവിവരങ്ങള്‍ ചോരുന്നത്.
അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഐഫോണുമായി ഘടിപ്പിച്ച 5,400ഓളം ട്രാക്കിങ് ആപ്ലിക്കേഷനുകള്‍ വഴി ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ മറ്റു കക്ഷികള്‍ക്ക് ചോര്‍ത്തിനല്‍കുന്നതായാണു വെളിപ്പെടുത്തല്‍. ഇ-മെയില്‍, ഫോണ്‍ നമ്പര്‍, ഐ.പി അഡ്രസ്, ഉപഭോക്താവിന്റെ യഥാര്‍ത്ഥ സ്ഥലം തുടങ്ങിയ വളരെ സൂക്ഷമവും രഹസ്യവുമായ വിവരങ്ങള്‍ വരെ ഈ ട്രാക്കിങ് സംവിധാനം വഴി ചോര്‍ത്തപ്പെടുന്നു.
ആപ്പിളിലുള്ള ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ഫീച്ചര്‍ വഴി ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളിലും വിവരങ്ങള്‍ കൈമാറാന്‍ കഴിയും. ഉപഭോക്താക്കളുടെ ഫോണ്‍ ഉപയോഗ അനുഭവം മെച്ചപ്പെടുത്താനായി സംവിധാനിച്ചതാണ് ഈ ഫീച്ചറെങ്കിലും, വളരെ രഹസ്യസ്വഭാവമുള്ള വിവരങ്ങളാണ് ഇവ മറ്റു കക്ഷികള്‍ക്കു കൈമാറുന്നത്. ആംപ്ലിറ്റിയൂഡ്, ആപ്പ്‌ബോയ്, ഡെംഡെക്‌സ് അടക്കമുള്ള കമ്പനികള്‍ക്കാണ് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നത്. രാത്രി ഉപഭോക്താവ് ഉറങ്ങുന്ന സമയങ്ങളില്‍ വരെ ഈ ട്രാക്കിങ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടാകും. .
ഇന്റര്‍നെറ്റ് ബ്രൗസിങ് ഹിസ്റ്ററി ട്രാക്ക് ചെയ്യുന്ന കുക്കീസില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം ആപ്ലിക്കേഷനുകള്‍ തടയാനും കണ്ടെത്താനും ദുഷ്‌ക്കരമാണെന്നതാണ് ഏറ്റവും അപകടകരം. ഉപഭോക്താക്കള്‍ എന്ത് ചെയ്യുന്നുവെന്ന് കമ്പനികള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ട്രാക്കിങ് ഡിവൈസുകളാണ് കൂടുതലും ഫോണുകളിലുള്ളത്. അതേസമയം, വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന നിരവധി കാര്യങ്ങള്‍ കമ്പനി ചെയ്തുവരുന്നതായി ആപ്പിള്‍ വൃത്തങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു.