ന്യൂദല്‍ഹി-പരാതിയുമായെത്തിയ ഉപഭോക്താവിന് ഐആര്‍സിടിസി നല്കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനില്‍ അശ്ലീല പരസ്യങ്ങള്‍ കാണുന്നുവെന്ന പരാതിയുമായാണ് ഉപഭോക്താവെത്തിയത്. അനന്ത് കുമാര്‍ എന്നയാളാണ് ട്വിറ്റര്‍ പേജിലൂടെ പരാതി നല്‍കിയിരിക്കുന്നത്. റെയില്‍വേ മന്ത്രാലയം, ഐആര്‍സിടിസി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരെ ടാഗ് ചെയ്തായിരുന്നു പരാതി സമര്‍പ്പണം. ആപ്പില്‍ കൂടെകൂടെ പ്രത്യക്ഷപ്പെടുന്ന അശ്ലീല പരസ്യങ്ങള്‍ വളരെ ശല്യമുണ്ടാക്കുന്നെന്നും ദേഷ്യം പിടിപ്പിക്കുന്നെന്നും ആനന്ദ് കുമാര്‍ പറയുന്നു. ദയവായി വിഷയത്തില്‍ ഇടപെടണമെന്നും അനന്ത് കുമാര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനന്ത് കുമാറിന്റെ ട്വീറ്റിനു പിന്നാലെയെത്തിയ ഐആര്‍സിടിസിയുടെ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഗൂഗിളിന്റെ ആഡ് സെര്‍വിംഗ് ടൂളായ എഡി എക്സാണ് പരസ്യം കാണിക്കാന്‍ ഐആര്‍സിടിസി ഉപയോഗിക്കുന്നതെന്നും ഉപഭോക്താക്കളെ ലക്ഷ്യം വെക്കാന്‍ ഈ പരസ്യങ്ങള്‍ കുക്കീസുകളെ ആശ്രയിക്കാറുണ്ടെന്നും പറഞ്ഞാണ് ഐആര്‍സിടിസിയുടെ മറുപടി ആരംഭിക്കുന്നത്.
ഉപഭോക്താവിന്റെ ബ്രൗസിംഗ് ഹിസ്റ്ററിയും ബ്രൗസിംഗ് സ്വഭാവവും അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുകയെന്നാണ് മറുപടിയില്‍ പറയുന്നത്. ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കുന്നതിനായി ദയവായി ബ്രൗസിംഗ് കുക്കികളും ബ്രൗസിംഗ് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യൂവെന്നാണ് മറുപടി.
എന്തായാലും അനന്ത് കുമാറിന്റെ പരാതി പരിഗണിച്ച് തക്ക മറുപടി നല്കിയ ഐആര്‍സിടിസിയുടെ ട്വീറ്റ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു..