Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹുവാവെ നമ്പർ വൺ ശത്രു 

ഹുവാവെയെ കൊല്ലാനാണോ ചൈനയുമായുള്ള വ്യാപാര കരാറിൽ സമർഥമായി ഉപയോഗിക്കാനാണോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. വലിയ അപകടകാരിയെന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ വ്യാപാര കരാറിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹം പറയുന്നു.

ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എൻജിനീയറായിരുന്ന റെൻ ഷെങ്‌ഫൈ 1987 ൽ ഹുവാവെ സ്ഥാപിക്കുമ്പോൾ അത് ഇങ്ങനെ വളർന്നു പന്തലിക്കുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചു കാണില്ല. 100 ബില്യൺ ഡോളർ വിറ്റുവരവും 1,80,000 തൊഴിലാളികളുമായാണ് ലോകത്തെ ഒന്നാംകിട ടെലിക്കാം സാമഗ്രി വിതരണ കമ്പനിയായി ഹുവാവെ മാറിയത്. ഈ അസാധാരണ വളർച്ചക്കിടയിലാണ് ഇപ്പോൾ ഹുവാവെ അമേരിക്കയുടെ കരിമ്പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 2000 നു ശേഷമാണ് ചൈനീസ് ഹാക്കിങിനെ കുറിച്ചുള്ള ആശങ്കയുടെ ഇരയായി ഹുവാവെ മാറിയത്. ഒന്നാം നമ്പർ ശത്രവും ഏറ്റവും അപകടകാരിയുമായി ഹുവാവെയെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. 
ഹുവാവെ ഒന്നാം നമ്പർ ശത്രുവായതിന്റെ നാൾ വഴികൾ പരിശോധിക്കാം:
2003 ൽ നെറ്റ്‌വർക്കിംഗ് സ്ഥാപനമായ സിസ്‌കോ ഹുവാവെക്കെതിരെ പകർപ്പവകാശ ലംഘനം ആരോപിച്ചു. ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചുവെന്നായിരുന്നു പരാതി. 
ഹുവാവെക്ക് ചൈനീസ് സർക്കാരുമായുള്ള ബന്ധം സംശയിച്ച് 2008 ൽ ത്രീ കോമുമായുണ്ടാക്കിയ വ്യാപാര ഉടമ്പടി തകർന്നു. 2014 ൽ റോബോട്ടിന്റെ കൈയുടെ ഭാഗങ്ങൾ ഉൾപ്പെടെ കവർന്നുവെന്ന് ആരോപിച്ച് ടി മൊബൈൽ ഹുവാവെക്കെതിരെ കോടതിയിൽ പോയി. 
എന്നാൽ 2017 ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായതിനു ശേഷമാണ് ഹുവാവെക്കെതിരായ നടപടികൾക്ക് വേഗം കൂടിയത്. ഈ മാസം 15 ന് ട്രംപ് ഒപ്പിട്ട ഉത്തരവ് പ്രകാരം യു.എസ് കമ്പനികളിൽനിന്ന് ടെക്‌നോളജി ഭാഗങ്ങൾ വാങ്ങുന്നതിൽനിന്ന് ഹുവാവെയെ പൂർണമായി വിലക്കി. കമ്പനിക്കെതിര ട്രംപ് കൈക്കൊണ്ട ഏറ്റവും ശക്തമായ നടപടിയാണിത്. ഒരാഴ്ച പിന്നിട്ടതോടെ ഹുവാവെയുടെ ആൻഡ്രോയിഡ് ലൈസൻസ് ഗൂഗിൾ പിൻവലിച്ചു. നിലവിലുള്ള ഹുവാവെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കുറച്ച് സമയം അനുവദിച്ചിരിക്കയാണ്. ഇതിനു ശേഷം ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് ഹുവാവെ നിർമിക്കുന്ന പുതിയ ഫോണുകളിൽ ഉൾപ്പെടുത്താൻ സാധ്യമല്ല. ചിപ് നിർമാതാക്കളായ എആർഎം പോലുള്ള ബ്രിട്ടീഷ് കമ്പനികളും ഗൂഗിളിന്റെ മാതൃക പിന്തുടരുകയാണ്. 
സുരക്ഷയുടേയും ഹാക്കിംഗിന്റേയും പേരിൽ ഹുവാവെയെ പൂർണമായി കൊല്ലാനാണോ ചൈനയുമായുള്ള വ്യാപാര തർക്കത്തിൽ സമർഥമായി ഉപയോഗിക്കാനാണോ ട്രംപ് ശ്രമിക്കുന്നതെന്ന് വ്യക്തമല്ല. ഹുവാവെയെ വലിയ അപകടകാരിയെന്ന് വിളിച്ച അതേ നാവിൽ തന്നെ വ്യാപാര ഉടമ്പടിയിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നും പറയുന്നു. 
2001 ലാണ് ഹുവാവെ അമേരിക്കയിലും ബ്രിട്ടനിലും ഓഫീസുകൾ തുറന്നത്. അന്ന് കമ്പനിയുടെ വിൽപന മൂന്ന് ബില്യൺ ഡോളർ മാത്രമായിരുന്നു. 2003 ൽ തങ്ങളുടെ സോഴ്‌സ് കോഡ് ഹുവാവെ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നുവെന്നും ഇത് പകർപ്പവകാശ ലംഘനമാണെന്നും കാണിച്ച് റൗട്ടർ നിർമാതാക്കളായ സിസ്‌കോ കേസിനു പോയെങ്കിലും പിന്നീട് പിൻവലിച്ചു. ആ വർഷം നവംബറിൽ കാലിഫോർണിയ ആസ്ഥാനമായുള്ള നെറ്റ് വർക്കിംഗ് കമ്പനി ത്രീ കോമുമായി സംയുക്ത സംരംഭം തുടങ്ങി റൗട്ടറുകളും സ്വിച്ചുകളും വിൽപന തുടങ്ങി. 2005 ലാണ് ഹുവാവെക്ക് ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന റാൻഡ് കോർപറേഷൻ റിപ്പോർട്ട് പുറത്തുവന്നത്. 
2007 ൽ ഇറാനെതിരെ യു.എസ് വ്യാപാര ഉപരോധം ലംഘിച്ചുവെന്ന ആരോപണത്തിൽ എഫ്.ബി.ഐ ഹുവാവെ സ്ഥാപകൻ റെന്നിനെ ചോദ്യം ചെയ്തു. 2008 ൽ ഹുവാവെക്ക് ചൈനീസ് പട്ടാളവുമായുള്ള ബന്ധം യു.എസിലെ ജനപ്രതിനിധികൾ വിഷയമാക്കിയതോടെ ത്രീകോമിലെ 16 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള ഹുവാവെയുടെ ശ്രമം പരാജയപ്പെട്ടു. 
2009 ൽ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഗൂഗിളിൽനിന്ന് ലൈസൻസ് ലഭിച്ച ഹുവാവെ ആദ്യ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ പുറത്തിറക്കി. 2010 ൽ കോർപറേറ്റ് ചാരവൃത്തി ആരോപിച്ച ഫോൺ നിർമാതാക്കളായ മോട്ടൊറോള കേസ് ഫയൽ ചെയ്‌തെങ്കിലും പിന്നീട് ഒത്തുതീർപ്പായി. ആ വർഷം നവംബറിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്പ്രിന്റ് കമ്പനി ഹുവാവെയേയും മറ്റൊരു ചൈനീസ് നിർമാതാവായ സെഡ് ടി ഇയേയും തങ്ങളുടെ നെറ്റ് വർക്ക് നവീകരണ കരാറുകളിൽനിന്ന് ഒഴിവാക്കി. അമേരിക്കൻ കമ്പനിയുമായുള്ള ആദ്യത്തെ വൻകിട കരാറാണ് ഇതോടെ ഹുവാവെക്ക് നഷ്ടമായത്. 2011 ഫെബ്രുവരിയിൽ അമേരിക്കയിലെ വിദേശ നിക്ഷേപ കമ്മിറ്റി പാപ്പറായ സ്റ്റാർട്ടപ്പ് ത്രി ലീഫ് സിസ്റ്റത്തിന്റെ ആസ്തികൾ വിൽക്കാൻ ഹുവാവെയോട് ആവശ്യപ്പെട്ടു. തൊട്ടു മുമ്പത്തെ വർഷമാണ് ഈ കമ്പനിയെ ഹുവാവെ ഏറ്റെടുത്തിരുന്നത്. 
ഇതിനു പിന്നാലെയാണ് ഹുവാവെയെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിക്കുന്നതിന് അന്വേഷണം നടത്താൻ ഹുവാവെ ഡെപ്യൂട്ടി ചെയർമാൻ കെൻ ഹു തുറന്ന കത്തെഴുതിയത്. സ്ഥാപകൻ റെന്നിനെ കുറിച്ചും അദ്ദേഹത്തിന് ചൈനീസ് സർക്കാരുമായുള്ള ബന്ധത്തെ കുറിച്ചും ഈ കത്തിൽ വിശദീകരിച്ചിരുന്നു. 
ആ വർഷം ഏപ്രിലിൽ ഹുവാവെ സിലിക്കോൺ വാലിയിൽ രണ്ട് ലക്ഷം ചതുരശ്രയടി ആർ ആന്റ് ഡി സംവിധാനം ആരംഭിച്ചു. അമേരിക്കയിലെ വിദൂര പ്രദേശങ്ങളിലടക്കം ടെലികോം സാമഗ്രികൾ വിതരണം ചെയ്ത് കമ്പനി ലാഭമുണ്ടാക്കി. 2012 ൽ ഹുവാവെയുടേയും സെഡ്ടിഇയുടേയും സാമഗ്രികൾ ഉപയോഗിക്കുന്നതിനെതിരെ യു.എസ് ഹൗസ് കമ്മിറ്റി റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. 2013 ൽ ഹുവാവെയുമായി അടുത്ത ബന്ധമുള്ള ഹോങ്കോംഗ് കമ്പനി യു.എസ് വ്യാപാര ഉപരോധം ലംഘിച്ച് ഇറാനിലെ ഏറ്റവും വലിയ സെൽഫോൺ ദാതാക്കൾക്ക് യു.എസ് കംപ്യൂട്ടർ ഉപകരണങ്ങൾ വിൽക്കുന്നതായി റോയിട്ടർ റിപ്പോർട്ട് ചെയ്തു. ഹുവാവെ സ്ഥാപകൻ റെന്നിന്റെ മകൾ മെങ് വാങ്ഷു ഹോങ്കോഗ് കമ്പനിയുടെ ഡയരക്ടർ ബോർഡിലുണ്ടെന്നതും ഹുവാവെക്കെതിരെ തെളിവായി. 
2014 ൽ ഹുവാവെക്കു മേൽ അമേരിക്കയുടെ ചാരപ്രവർത്തനം പുറത്തുവന്നു. മുൻ ദേശീയ സുരക്ഷാ ഏജൻസി കോൺട്രാക്ടർ എഡ്വേഡ് സ്‌നോഡനാണ് ഇതു സംബന്ധിച്ച രേഖകൾ ചോർത്തിയത്. ഹുവാവെയുടെ ഷെൻഷെനിലുള്ള ആസ്ഥാനത്തെ സെർവറുകളിൽ പോലും യു.എസ് ദേശീയ സുരക്ഷാ ഏജൻസി നുഴഞ്ഞു കയറി. വൻകിട റൗട്ടറുകളുടേയും ഡിജിറ്റൽ സ്വിച്ചുകളുടേയും വിവരങ്ങൾ ചോർത്തിയതിനു പുറമെ, മുതിർന്ന ഉദ്യോഗസ്ഥരുടെ ആശയവിനിമയവും ലക്ഷ്യമിട്ടിരുന്നു. 
2014 സെപ്റ്റംബറിൽ ഹുവാവെ തങ്ങളുടെ സാങ്കേതിക വിദ്യ മോഷ്ടിക്കുകയാണെന്ന് കാണിച്ച് ടി മൊബൈൽ കേസ് ഫയൽ ചെയ്തു. സ്മാർട്ട് ഫോണുകളിൽ പരീക്ഷിക്കുന്നതിനായി തങ്ങൾ 2006 ൽ വികസിപ്പിച്ച റോബോട്ട് ടാപ്പിയുടെ ഭാഗങ്ങൾ കവർന്നുവെന്നും ഹുവാവെ ജീവനക്കാർ രഹസ്യങ്ങൾ ചോർത്തിയെന്നുമായിരുന്നു ആരോപണം. തങ്ങളുടെ രണ്ട് ജീവനക്കാരാണ് അനുചിതമായി പെരുമാറിയതെന്നും അവരെ പുറത്താക്കിയെന്നുമാണ് ഹുവാവെ മറുപടി നൽകിയത്. 
2015 ജനുവരിയിൽ തന്റെ കമ്പനി ചൈനീസ് സർക്കാരിനു വേണ്ടി ചാരപ്രവർത്തനം നടത്തുകയാണെന്ന അമേരിക്കയുടെ ആരോപണം ഹുവാവെ സ്ഥപകൻ റെൻ സ്വിറ്റ്‌സർലാൻഡിലെ ഡാവോസിൽ ചേർന്ന ലോക സാമ്പത്തിക ഫോറത്തിൽ നിഷേധിച്ചു. ചൈനീസ് പട്ടാളവുമായി തനിക്കുള്ള ബന്ധവും അദ്ദേഹം തള്ളിക്കളഞ്ഞു. ചൈനീസ് കമ്പനിയാണെന്നും അതുകൊണ്ടു തന്നെ രാജ്യത്തേയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയേയും പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തങ്ങൾ പ്രവർത്തിക്കുന്ന ഓരോ രാജ്യത്തേയും നിയമങ്ങൾ പാലിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. 2015 ൽ നെക്‌സസ് 6 പി ഫോൺ പുറത്തിറക്കുന്നതിന് ഹുവാവെയും ഗൂഗിളും ധാരണയുണ്ടാക്കി. 2016 ൽ അമേരിക്കൻ സാങ്കേതിക വിദ്യ ക്യൂബ, വടക്കൻ കൊറിയ, സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന ആരോപണം നേരിട്ടു. 
2018 ഡിസംബറിൽ ഹുവാവെയുടെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറും സ്ഥാപകൻ റെന്നിന്റെ മകളുമായ മെങ് കാനഡയിൽ അറസ്റ്റിലായി. ഇറാനെതിരായ വ്യാപാര ഉപരോധം ലംഘിച്ചുവെന്നതിന്റെ പേരിൽ അമേരിക്കയുടെ സമ്മർദത്തിനു വഴങ്ങിയായിരുന്നു അറസ്റ്റ്. ചൈനയുമായി വ്യാപാര ഉടമ്പടിയുണ്ടാക്കാൻ സഹായകമാകുമെങ്കിൽ ഈ കേസിൽ ഇടപെടുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. 2019 ലാണ് യു.എസ് വ്യാപാര ഉപരോധം മറി കടന്നു, വ്യാപാര രഹസ്യങ്ങൾ ചോർത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച അമേരിക്ക മെങിനെ കാനഡയിൽനിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടത്. അതിനിടെ, ചൈനക്കു വേണ്ടി ചാരവൃത്തി ആരോപിച്ച് ഹുവാവെ ജീവനക്കാരൻ പോളണ്ടിൽ അറസ്റ്റിലായി. ഇതിനു പിന്നാലെ ഹുവാവെ സ്ഥാപകൻ വിദേശ മാധ്യമങ്ങൾക്ക് നിരവധി അഭിമുഖങ്ങൾ നൽകി. 
2019 മെയ് 15 ന് ഹുവാവെക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുമുള്ള ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. ഓഗസ്റ്റ് 19 വരെ യു.എസ് ഉൽപന്നങ്ങൾ വാങ്ങാൻ അനുവദിക്കുമെന്ന് നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് വരുത്തിയ മെയ് 20 ന് ഇന്റെൽ, ക്വാൽകോം എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ ചിപ് കമ്പനികൾ ഹുവാവെക്ക് വിൽപന നടത്തില്ലെന്നും പ്രഖ്യാപിച്ചു. ഏറ്റവും വലിയ ഭീഷണിയാണ് ഹുവാവെ ഇപ്പോൾ നേരിടുന്നത്. 


 

Latest News