മുംബൈ - ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതു തന്നെയാണെന്ന് അഭിഭാഷകന്. പായലിന്റെ കുടുംബത്തിനു വേണ്ടി കേസ് വാദിക്കുന്ന നിതിന്‍ സത്പുത് ആണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.
കഴുത്തിലെ മുറിവും ദേഹത്തെ പാടുകളും കൊലപാതകത്തിലേക്കു വിരല്‍ചൂണ്ടുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്ന് സത്പുത് പറഞ്ഞു. സാഹചര്യത്തെളിവുകളും കൊലപാതകമാണെന്നു നടന്നതെന്നു വ്യക്തമാക്കുന്നു. കൊലപാതകമാണെന്ന അടിസ്ഥാനത്തില്‍ കേസില്‍ അന്വേഷണമുണ്ടാകണം. അതിന് പൊലീസിന് 14 ദിവസം നല്‍കണം-സത്പുത് മുംബൈ കോടതിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനമായ മുംബൈ നായര്‍ ആശുപത്രിയിലെ പി.ജി വിദ്യാര്‍ഥിനിയായിരുന്നു 26കാരിയായ പായല്‍ തദ്വി. കഴിഞ്ഞ 22നാണ് പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ക്കെതിരെ ആശുപത്രി അധികൃതരില്‍ നിന്ന് നിരന്തരം ജാതീയമായ അധിക്ഷേപമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. ജാതി അധിക്ഷേപത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് മരണത്തിനു കാരണക്കാരെന്നു സംശയിക്കുന്ന മൂന്ന് സീനിയര്‍ ഡോക്ടര്‍മാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.