തെഹ്‌റാന്‍: അമേരിക്കയുമായി ഇനിയും ആണവ-മിസൈല്‍ കരാറിലേര്‍പ്പെടില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്. യു.എസ് ഉപരോധം നീക്കിയാല്‍ ചര്‍ച്ചയാകാമെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രസ്താവന തള്ളിയാണ് ആയത്തുല്ല അലി ഖാംനഇ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയുമായി ഇനിയും ആണവ വിഷയത്തില്‍ ധാരണയുണ്ടാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇത്തരം കരാറുകള്‍ കൊണ്ട് രാജ്യത്തിന് ഒരു ഉപകരാവുമില്ല. പകരം അവ ഉപദ്രവമാകുകയാണ് ചെയ്യുന്നത്. ഇറാന്‍ വിപ്ലവത്തിന്റെ മൂല്യങ്ങളിലും രാജ്യത്തിന്‍റെ സൈനികശേഷിയുടെ കാര്യത്തിലും ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്കു തയാറല്ല-ഖാംനഇ പറഞ്ഞു.
നേരത്തെ റൂഹാനിയെ പേരെടുത്തുപറഞ്ഞു വിമര്‍ശിച്ചും ഖാംനഇ രംഗത്തെത്തിയിരുന്നു. അമേരിക്കയെ വിശ്വസിക്കരുതെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. ഇറാനുമായി ചര്‍ച്ചയ്ക്കും പുതിയ കരാറിനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്നദ്ധത അറിയിച്ചതിനു പിറകെയായിരുന്നു റൂഹാനിയുടെ അനുകൂല പ്രസ്താവന.