ന്യുദല്‍ഹി- തെരഞ്ഞെടുപ്പു തോല്‍വിയെ തുടര്‍ന്ന് ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ കോണ്‍ഗ്രസ് ഒരു മാസത്തേക്ക് പാര്‍ട്ടി വക്താക്കളെ വാര്‍ത്താ ചാനലുകളിലേക്ക് ചര്‍ച്ചയ്ക്ക് അയക്കേണ്ടെന്ന് തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷ പദവി രാജിവെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധിയുടെ ആഴം കൂട്ടിയിരിക്കുന്നത്. ഒരു മാസത്തേക്ക് പാര്‍ട്ടി വക്താക്കളെ ചാനല്‍ ചര്‍ച്ചകള്‍ക്ക് അയക്കേണ്ടതില്ലെന്നാണ് തീരുമാനം. കോണ്‍ഗ്രസ് വക്താക്കളെ ടിവി ഷോകളില്‍ ചര്‍ച്ചയ്ക്ക് ഇരുത്തരുതെന്നും ചാനലുകളോടും എഡിറ്റര്‍മാരോടും ആവശ്യപ്പെടുന്നതായും മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജെവാല ഒരു ട്വീറ്റിലൂടെ അറിയിച്ചു.
.@INCIndia has decided to not send spokespersons on television debates for a month.
— Randeep Singh Surjewala (@rssurjewala) May 30, 2019
All media channels/editors are requested to not place Congress representatives on their shows.
കോണ്‍ഗ്രസിന്റെ ഈ നീക്കം പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴത്തെ സൂചിപ്പിക്കുന്നതാണെന്ന് പലരും വിലയിരുത്തുന്നു. എവിടെയാണ് പിഴച്ചതെന്നും പാളിച്ചകള്‍ എന്തെല്ലാമാണെന്നും വിശദമായി പരിശോധിക്കാനും ചര്‍ച്ച ചെയ്യാനും വേണ്ടത്ര സമയം ലഭിക്കാനാണ് ഈ ചാനല്‍ വിലക്കെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇതുവഴി നിരന്തര മാധ്യമ വിചാരണകളില്‍ നിന്നും അഭ്യൂഹങ്ങളില്‍ നിന്നും വി്ട്ടു നില്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വലിയ വിജയ പ്രതീക്ഷയുണ്ടായിരുന്ന കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെറും 52 സീറ്റില്‍ മാത്രം ഒതുങ്ങുകയും 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തത് പാര്‍ട്ടിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ പാര്‍ട്ടി അധ്യക്ഷ പദവി വിടാനുള്ള രാഹുലിന്റെ തീരുമാനം കൂടി വന്നതോടെ നേതൃത്വ പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്.