Sorry, you need to enable JavaScript to visit this website.

'മറവത്തൂർ കനവ്' മുതൽ 'നാൽപത്തിയൊന്ന്' വരെ 25 ചിത്രങ്ങൾ പൂർത്തിയാക്കി ലാൽ ജോസ്

പത്മരാജനുശേഷം സംവിധാനത്തിന്റെ സുവർണ്ണ ബിന്ദുക്കൾ കണ്ടെത്തിയ സംവിധായകർ ചുരുക്കം ചിലരേയുള്ളു. അവർക്കിടയിലാണ് ലാൽജോസിന്റെ സ്ഥാനം. എത്ര മോശം തിരക്കഥയായാലും അവയിലെ സിനിമാ മുഹൂർത്തങ്ങൾ കണ്ടെടുക്കുന്നതിൽ വിരുതനാണ് ഈ ഒറ്റപ്പാലത്തുകാരൻ. ഏതുതരം സിനിമയായാലും അതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കും. അതുകൊണ്ടുതന്നെയാകണം മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽജോസ്.
രണ്ടു പതിറ്റാണ്ടിലേറെ നീളുന്ന സിനിമാ ജീവിതത്തിനിടയിൽ ലാൽ ജോസ് എന്ന സംവിധായകൻ ഒരുക്കിവിട്ടത് 25 ചിത്രങ്ങൾ. ഗ്രാമീണ ജീവിതത്തിന്റെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം അവയിലുണ്ട്. ഇടത്തരക്കാരന്റെ ജീവിതസംഘർഷങ്ങൾ ഇത്രയേറെ അനുഭവിച്ച സംവിധായകൻ വേറെയില്ലെന്നുതന്നെ പറയാം. ഒരു മറവത്തൂർ കനവിൽ തുടങ്ങി ചിത്രീകരണം പൂർത്തിയായ നാൽപത്തിയൊന്നിൽ എത്തിനിൽക്കുകയാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യ.
അധ്യാപക ദമ്പതിമാരായ ജോസിന്റെയും ലില്ലിയുടെയും മകൻ കർശനമായ ചിട്ടവട്ടങ്ങളോടെയാണ് ജീവിതം തുടങ്ങിയതെങ്കിലും സിനിമയുടെ വെള്ളിവെളിച്ചം ആ മനസ്സിലെവിടെയോ ഉടക്കിനിന്നിരുന്നു. കോളേജ് പഠനം കഴിഞ്ഞപ്പോൾ സിനിമയെക്കുറിച്ച് കൂടുതലറിയാനായിരുന്നു ആ മനസ്സ് മോഹിച്ചത്. അതിനായി ചെന്നൈയിലേയ്ക്ക് വണ്ടി കയറി. സൗഹൃദങ്ങൾക്കു നടുവിലായി പിന്നീടുള്ള ജീവിതം. ഇല്ലായ്മകൾക്കിടയിലും പരിഭവങ്ങളില്ലാതെ സ്‌നേഹം പങ്കുവച്ച് ജീവിച്ച വർഷങ്ങൾ.


നാട്ടിലേയ്ക്കു മടങ്ങിയ ലാൽ ജോസ് കമലിന്റെ സംവിധായ സഹായിയായി. പതിനാറോളം ചിത്രങ്ങളിൽ കമലിന്റെ വിശ്വസ്തനായി കൂടെ നിന്നു. വർഷങ്ങൾനീണ്ട അനുഭവ പശ്ചാത്തലത്തിൽനിന്നാണ് ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടിയും ബിജു മേനോനും മോഹിനിയുമെല്ലാം തകർത്തഭിനയിച്ച ഈ ചിത്രം ഗംഭീര വിജയമായിരുന്നു. തുടർന്നിങ്ങോട്ട് ഒന്നിനുപിറകെ ഒന്നായി നിരവധി ചിത്രങ്ങൾ. കുടുംബപ്രേക്ഷകരുടെ മാത്രമല്ല, തലമുറ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഇഷ്ടക്കാരനായി മാറാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. പല ചിത്രങ്ങളും ട്രെൻഡ് സെറ്ററുകളായി. എന്നാൽ ചിലത് പരാജയത്തിന്റെ രുചിയും സമ്മാനിച്ചു. മത്സരവും നിലനിൽപും വെല്ലുവിളിയുയർത്തുന്ന ഈ മേഖലയിൽ അദ്ദേഹം പിടിച്ചുനിന്നു. പല അതികായരും വാണതും വീണതുമായ ഈ ഭൂമികയിൽ രണ്ടു പതിറ്റാണ്ടോളമായി ഊർജ്ജസ്വലതയോടെ നിലകൊള്ളുകയാണ് ലാൽ ജോസ്.
സിനിമയിലെ മാറ്റത്തിനൊപ്പമുള്ള സഞ്ചാരമാണ് ലാൽ ജോസിന്റെ ജീവിതം. ഒരേ ശ്രേണിയിലുള്ള ചിത്രങ്ങളല്ല അദ്ദേഹം തിരഞ്ഞെടുക്കുന്നത്. പ്രണയവും അതിജീവനവും പ്രതികാരവും ഹാസ്യവും നിസ്സഹായതയുമെല്ലാം അവയിൽ നിറയുന്നുണ്ട്. ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളും സാമൂഹ്യ പ്രതിബദ്ധതയും രാഷ്ട്രീയ ബോധവുമെല്ലാം അവ കൈകാര്യം ചെയ്യുന്നു.
ആദ്യചിത്രമായ മറവത്തൂർ കനവ് വിൻവിജയമായപ്പോൾ തുടർന്നുവന്ന ചന്ദ്രനുദിക്കുന്ന ദിക്കിൽ അത്രവലിയ വിജയം കൈവരിച്ചില്ല. മൂന്നാമത്തെ ചിത്രം രണ്ടാം ഭാവം തികഞ്ഞ പരാജയമായിരുന്നു. പരാജയത്തിൽനിന്നും ഊർജ്ജം സംഭരിച്ച അദ്ദേഹത്തിന്റെ അടുത്ത ചിത്രം മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറിയ മീശ മാധവനായിരുന്നു. ദിലീപും കാവ്യയും മത്സരിച്ചഭിനയിച്ച ഈ ചിത്രം പാലക്കാടൻ ഗ്രാമത്തിന്റെ സൗന്ദര്യവും വിളിച്ചോതുന്നുണ്ടായിരുന്നു. പിന്നാലെയെത്തിയ രസികനും പട്ടാളവും പരാജയമായിരുന്നു. ചാന്തുപൊട്ടിലൂടെയായിരുന്നു ഉയിർത്തഴുന്നേൽപ്. അടുത്ത വർഷം സലീം കുമാറിനെ നായകനാക്കി അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രവുമൊരുക്കി.


ലാൽജോസിന്റെ കരിയർഗ്രാഫിലെ മറ്റൊരു ഹിറ്റായിരുന്നു ക്ലാസ്‌മേറ്റ്‌സ്. സൂപ്പർതാര സാന്നിധ്യമില്ലാതെ യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ ഈ ചിത്രം കാമ്പസുകൾ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെയെത്തിയ അറബിക്കഥയും ജനം സ്വീകരിച്ചു. എന്നാൽ അടുത്ത ചിത്രമായ മുല്ല വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എം.ടിയുടെ തിരക്കഥയിൽ ഒരുക്കിയ പഴയ ചിത്രം നീലത്താമര വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തിച്ചപ്പോൾ യുവഹൃദയങ്ങൾ സ്വീകരിച്ചു. എൽസമ്മ എന്ന ആൺകുട്ടി വിജയം നേടിയപ്പോൾ സ്പാനിഷ് മസാല ശ്രദ്ധ നേടിയില്ല. ഡയമണ്ട് നെക്‌ലേസ്, അയാളും ഞാനും തമ്മിൽ, ഇമ്മാനുവേൽ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയുമെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏഴു സുന്ദരരാത്രികൾ വിജയിച്ചില്ലെങ്കിലും വിക്രമാദിത്യൻ ഗംഭീര വിജയമായി. തുടർന്നു വന്ന നീനയ്ക്കും പരാജയത്തിന്റെ രുചിയറിയേണ്ടിവന്നു. വെളിപാടിന്റെ പുസ്തകത്തിന് നല്ല പ്രതികരണായിരുന്നു. എന്നാൽ ഒടുവിലിറങ്ങിയ തട്ടിൻപുറത്ത് അച്യുതൻ വേണ്ടത്ര ശ്രദ്ധ നേടിയില്ല.
സിനിമാ യാത്രയിൽ ലാൽജോസ് ഒട്ടേറെ പേരുടെ കരിയർ ഗ്രാഫ് തിരുത്തിക്കുറിച്ചിട്ടുണ്ട്. മറവത്തൂർ കനവിലൂടെ മമ്മൂട്ടിക്ക് ഹാസ്യവും വഴങ്ങും എന്ന് തെളിയിച്ചത് ഈ സംവിധായകനാണ്. മീശ മാധവനിലൂടെ ദിലീപും ക്ലാസ്‌മേറ്റ്‌സിലൂടെ പൃഥ്വിരാജും എൽസമ്മ എന്ന ആൺകുട്ടിയിലൂടെ കുഞ്ചാക്കോ ബോബനുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടനടന്മാരായി മാറുകയായിരുന്നു. കൂടാതെ ഹാസ്യത്തിൽമാത്രം ഒതുങ്ങിനിന്നിരുന്ന സലീം കുമാറിനെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവനടനാക്കി മാറ്റുക മാത്രമല്ല, മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിലേയ്ക്കും ഉയർത്തി. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം സലീം കുമാറിനും മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജിനും നേടിക്കൊടുത്തു.
ഒട്ടേറെ നടിമാരെയും അദ്ദേഹം ഒപ്പം ചേർത്തിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യാ മാധവനെയും രസികനിലൂടെ സംവൃത സുനിലിനേയും മുല്ലയിലൂടെ മീരാ നന്ദനെയും നീലത്താമരയിലൂടെ അർച്ചന കവിയെയും എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിനെയും ഇമ്മാനുവലിലൂടെ റീനു മാത്യൂസിനെയും ഏഴു സുന്ദര രാത്രികളിലൂടെ പാർവതി നമ്പ്യാരെയും നീനയിലൂടെ ദീപ്തി സതിയെയും ഒടുവിലായി തട്ടിൻപുറത്ത് അച്യുതനിലൂടെ സംവിധായകൻ ബാബുവിന്റെ മകളായ ശ്രവണയെയും വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത് ലാൽജോസായിരുന്നു.
ജനപ്രിയ സംവിധായകൻ എന്ന നിലയിൽ ഒട്ടേറെ അംഗീകാരങ്ങളും ലാൽജോസിനെ തേടിയെത്തി. അയാളും ഞാനും തമ്മിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ക്ലാസ്‌മേറ്റ്‌സ് ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. അച്ഛനുറങ്ങാത്ത വീട് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അംഗീകാരം നേടി. കൂടാതെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ സിനിമാ അവാർഡുൾപ്പെടെ ചെറുതും വലുതുമായ ഒട്ടേറെ അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സംവിധായകൻ എന്നതിലുപരി നടനും നിർമ്മാതാവും വിതരണക്കാരനുമെല്ലാമാണ് ലാൽജോസ്. കമലിന്റെ അഴകിയ രാവണൻ, ഓം ശാന്തി ഓശാന, സൺഡെ ഹോളിഡേ, എന്നാലും ശരത്, ഒരു നക്ഷത്രമുള്ള ആകാശം എന്നിവയ്ക്കു പുറമെ ജീവ നായകനായ ജിപ്‌സി എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട് അദ്ദേഹം.
ഇരുപത്തഞ്ചാമത്തെ ചിത്രം നാൽപത്തിയൊന്നിന്റെ ചിത്രീകരണം കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയായിക്കഴിഞ്ഞു. ബിജുമേനോനും നിമിഷ സജയനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കണ്ണൂർ എന്ന ദേശവുമായി ബന്ധപ്പെടുത്തിയുള്ള കഥയാണ് നാൽപത്തിയൊന്ന്. പാരലൽ കോളേജും പി.എസ്.സി പരിശീലനവുമെല്ലാം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയായ ഉല്ലാസ് മാഷായി ബിജു മേനോൻ എത്തുമ്പോൾ തന്റെ ക്ലാസിലെ വിദ്യാർത്ഥിനിയായ ഭാഗ്യസൂയയായി നിമിഷയെത്തുന്നു. തികഞ്ഞ കമ്മ്യൂണിസ്റ്റ് സഹയാത്രികനായ ഉല്ലാസ് സുഹൃത്തുക്കൾക്കുവേണ്ടി എന്തു ത്യാഗത്തിനും ഒരുക്കമാണ്. അദ്ദേഹത്തിന്റെ സുഹൃത്താണ് വാവാച്ചി കണ്ണൻ. സ്ഥിരം മദ്യപാനി. തയ്യൽപണിക്കാരിയായ ഭാര്യ സുമയുടെ ഔദാര്യംകൊണ്ടാണ് ജീവിതം.
അവിശ്വാസിയായ ഉല്ലാസ് മാഷും വിശ്വാസിയായ കണ്ണനും ചേർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ വ്രതമെടുത്ത് ശബരിമല ദർശനത്തിനൊരുങ്ങുന്നു. അത് ആ പാർട്ടി ഗ്രാമത്തിൽ ചില ചലനങ്ങളുണ്ടാക്കുന്നു. അവരുടെ യാത്രയും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളും പരിണതഫലങ്ങളുമെല്ലാമാണ് ഈ ചിത്രം.
ഓരോ ചിത്രവും വിജയിക്കണമെന്നാണ് ആഗ്രഹം. നൂറുശതമാനം അർപ്പണബോധത്തോടെയാണ് ഓരോ ചിത്രവും ഒരുക്കുന്നത്. എന്നാൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ അതേരീതിയിൽ പ്രേക്ഷകരിൽ എത്താതെ വരുമ്പോഴാണ് പരാജയം സംഭവിക്കുന്നതെന്ന് ലാൽജോസ് പറയുന്നു. വമ്പൻ വിജയവും പരാജയവും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും അവയൊന്നും എന്നെ തളർത്തുകയില്ല. തെറ്റുകൾ കണ്ടെത്തി പരിഹരിച്ചുകൊണ്ടാണ് അടുത്ത ചിത്രത്തിലേയ്ക്കു കടക്കുന്നത്.
ഇരുപത്തഞ്ചാമത്തെ ചിത്രത്തിൽ എത്തിനിൽക്കുമ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു? 
സിനിമയുടെ മാറ്റത്തിനൊപ്പവും വളർച്ചയ്‌ക്കൊപ്പവും നിൽക്കുക എന്നതാണ് ഒരു സംവിധായകന്റെ കർത്തവ്യം. അല്ലാത്തപക്ഷം നിലനിൽക്കാനാവില്ല. ആദ്യകാലത്ത് ഒപ്പം ജോലി ചെയ്ത പലരേയും ഇപ്പോൾ ഈ മേഖലയിൽ കാണാനില്ല. എനിക്കുശേഷം വന്നവരിൽ പലരേയും കാണാനില്ല. 
എന്നാൽ ഇപ്പോഴും സിനിമയ്ക്കു പിന്നാലെ സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എത്ര കാലം എന്നറിയില്ല. സാധിക്കുന്നിടത്തോളം ആ യാത്ര തുടരും. കാരണം സിനിമയല്ലാതെ മറ്റൊരു തൊഴിലും അറിയില്ല.
ഭാര്യ ലീന അധ്യാപികയാണ്. മൂത്ത മകൾ ഐറിൻ പി.എച്ച്.ഡി റിസർച്ച് ചെയ്യുന്നു. ഇളയ മകൾ കാതറിൻ പോണ്ടിച്ചേരിയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി.

Latest News