Sorry, you need to enable JavaScript to visit this website.

ബിഷ്‌കെക്കില്‍ മോഡിയും ഇംറാന്‍ ഖാനും നേരില്‍ കാണുമോ?

ന്യൂദല്‍ഹി- അടുത്ത മാസം കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായി ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ങായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) സമ്മേളനത്തില്‍ പ്രധാനന്ത്രി നരേന്ദ്ര മോഡിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും ഒരുമിച്ച് പങ്കെടുക്കും. എന്നാല്‍ ഇരു നേതാക്കളും പരസ്പരം കൂടിക്കാഴ്ച നടത്തുമോ എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മോഡി-ഖാന്‍ കൂടിക്കാഴ്ച നടക്കുകയാണെങ്കില്‍ വിഷയം ഭീകരപ്രവര്‍ത്തനം തന്നെയായിരിക്കുമെന്നും ഈ നിലപാടില്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു. ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പ് അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടു വരുന്നത്. 

തെരഞ്ഞെടുപ്പില്‍ ജയിച്ച് മോഡിക്ക് നേരത്തെ ഇംറാന്‍ ഖാന്‍ ആശംസകള്‍ നേര്‍ന്ന് ഫോണ്‍ വിളിച്ചിരുന്നു. ആശംസയ്ക്ക് മോഡി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

2016ല്‍ ഉറിയിലുണ്ടായി ഭീകരാക്രമണത്തെ തുടര്‍ന്ന് വഷളായ ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധം ഫെബ്രുവരിയില്‍ പുല്‍വാമയിലുണ്ടാ ഭീകരാക്രമണത്തോടെ കൂടുതല്‍ വഷളായ അവസ്ഥയിലാണിപ്പോള്‍. 

ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മോഡിയുടെ ബിജെപി വീണ്ടു ജയിച്ച് അധികാരത്തിലെത്തിയാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് മികച്ച അവസരമാകുമെന്ന് ഇംറാന്‍ ഖാന്‍ ഏപ്രിലില്‍ അഭിപ്രായപ്പെട്ടിരുന്നു.
 

Latest News