രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നു; കൃഷി മന്ത്രി രാജിവച്ചു

ജെയ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിറകെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം പുതിയ തലത്തിലേക്ക്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ലാല്‍ചന്ദ് കട്ടാരിയ രാജി സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഈ സര്‍ക്കാരിന് ഭരണം തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കട്ടാരിയയുടെ രാജി. എന്നാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചിട്ടില്ല.

കട്ടാരിയ പുറത്തിറക്കിയ കത്തിലാണ് രാജിവിവരം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഗവര്‍ണറുടെ ഓഫിസിലേക്ക് രാജിക്കത്ത് അയച്ചതായി കത്തില്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ക്ക് കത്ത് ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണറുടെ ഓഫിസ് വൃത്തങ്ങള്‍ പറഞ്ഞു.

മുന്‍ യു.പി.എ മന്ത്രിസഭയില്‍ അംഗമായിരുന്ന കട്ടാരിയ ഗെഹ്ലോട്ടിന്റെ അടുപ്പക്കാരന്‍ കൂടിയാണ്. പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വിമര്‍ശമുയരുന്ന പശ്ചാത്തലത്തില്‍ ഗെഹ്ലോട്ടിനു സംരക്ഷണമൊരുക്കുന്നതിന്റെ കൂടി ഭാഗമായാണു രാജിയെന്നാണു വിലയിരുത്തപ്പെടുന്നത്. നേരത്തെ, സഹകരണ മന്ത്രി ഉദയ്‌ലാല്‍ അഞ്ജാന, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി രമേശ് ചന്ദ് മീണ എന്നിവര്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഗെഹ്ലോട്ടിനെ ലക്ഷ്യമിട്ടു പരസ്യവിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. പരാജയം നിസാരമായി കാണാനൊക്കില്ലെന്നും പുനരാലോചന വേണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.

കഴിഞ്ഞ ഡിസംബറിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജസ്ഥാനില്‍ അധികാരമേല്‍ക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം അധികം പിന്നിടും മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റും നേടാനായിട്ടില്ല.
 

Latest News