ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ പകരം നേതാവിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചു. സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, പൃഥ്വിരാജ് ചൗഹാന്‍, എ.കെ.ആന്റണി തുടങ്ങിയ നേതാക്കളുടെ പേരുകള്‍ ചര്‍ച്ചയില്‍ ഉയരുന്നുണ്ട്. എന്നാല്‍ സംഘടനാപാടവത്തില്‍ മികവ് തെളിയിച്ച രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ പേരിനാണ് മുന്‍തൂക്കം.
രാജസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത യുവജന നേതാവ് എന്ന വിശേഷണം സച്ചിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. അതേ സമയം നെഹ്‌റു കുടുംബാംഗമെന്ന നിലയില്‍ രാഹുല്‍ സ്വീകാര്യനായത് പോലെ മുതിര്‍ന്ന നേതാക്കള്‍ ജൂനിയറായ സച്ചിന്‍ പൈലറ്റിനോട് താത്പര്യം കാണിക്കുമോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.