ഹൈദരാബാദ്- ഒറ്റ ദിവസം ആയിരത്തിലേറെ പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ഹൈദരാബാദ് സ്വദേശി യൂനിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു. സെര്‍വ് നീഡി എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ ഗൗതം കുമാറാണ് ഞായറാഴ്ച മൂന്ന് കേന്ദ്രങ്ങളിലായി ആയിരത്തിലേറെ പേര്‍ക്ക് ഭക്ഷണം നല്‍കിയത്.
ആദ്യം ഗാന്ധി ഹോസ്പിറ്റലിലായിരുന്നു ഭക്ഷണവിതരണം. തുടര്‍ന്ന് രാജേന്ദ്ര നഗറിലും ഒടുവില്‍ അമ്മ നന്ന അനാഥാലയത്തിലും അദ്ദേഹം ഭക്ഷണം വിതരണം ചെയ്തു.
യൂനിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഇന്ത്യ പ്രതിനിധി കെ.പി. രമണ റാവുവും തെലങ്കാന പ്രതിനിധി ടി.എം. ശ്രീലതയും അവാര്‍ഡ് സമ്മാനിച്ചു.
2014 ലാണ് ഗൗതം കുമാര്‍ നീഡി സംഘടന സ്ഥാപിച്ചത്. ഇപ്പോള്‍ 140 സന്നദ്ധ പ്രവര്‍ത്തകരുണ്ട്. സാമൂഹിക സേവനങ്ങള്‍ 2014 മുതല്‍ നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് ആയിരത്തിലേറെ പേര്‍ക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വിതരണം ചെയ്തതെന്നും അതാണ് ലോക റെക്കോര്‍ഡ് ആയതെന്നും ഗൗതം കുമാര്‍ പറഞ്ഞു.