Sorry, you need to enable JavaScript to visit this website.

വിദ്വേഷ ആക്രമണം വീണ്ടും; തൊപ്പി മാറ്റാനും ജയ് ശ്രീറാം വിളിക്കാനും കല്‍പിച്ചു

ഗുരുഗ്രാം- മുസ്ലിം യുവാവിനെ മര്‍ദിച്ച ഒരു സംഘമാളുകള്‍ തൊപ്പി മാറ്റാനും ജയ് ശ്രീറാം വിളിക്കാനും നിര്‍ബന്ധിച്ചതായി പരാതി. ഗുരുഗ്രാമിലെ ജേക്കബ്പുരയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
രാത്രി പത്ത് മണിയോടെ ഗുരുഗ്രാം ജുമാ മസ്ജിദില്‍ നമസ്‌കരിച്ച ശേഷം തന്റെ ഷോപ്പിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് ബറക്കത്ത് എന്ന 25 കാരനെയാണ് ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്.
അസഭ്യം പറഞ്ഞുകൊണ്ട് തന്നെ വളഞ്ഞവര്‍ പ്രദേശത്ത് തൊപ്പി ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് തന്റെ തൊപ്പി ഊരാന്‍ ആവശ്യപ്പെട്ടതെന്ന് ബറക്കാത്ത് പറഞ്ഞു. പള്ളിയില്‍ നിന്ന് വരികയാണെന്നു പറഞ്ഞപ്പോള്‍ മുഖത്തടിച്ചു. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നിവ വിളിക്കാനും ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ പന്നി മാംസം തീറ്റിക്കുമെന്ന് പറഞ്ഞതായും യുവാവ് വെളിപ്പെടുത്തി. അസഭ്യം പറഞ്ഞുകൊണ്ട് വടിയെടുത്ത് തല്ലിയതായും ബറക്കത്ത് പറഞ്ഞു. ഈ മാസാദ്യം ടെയിലറിംഗ് പഠിക്കാനാണ് യുവാവ് ഗുരുഗ്രാമിലെത്തിയത്. കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ഷര്‍ട്ട് വലിച്ചുകീറിയെന്നും കരഞ്ഞു നിലവിളിച്ചപ്പോള്‍ സംഘത്തിലെ നാല് പേര്‍ ബൈക്കിലും രണ്ടു പേര്‍ നടന്നും പോയെന്ന് ബറക്കത്ത് പറഞ്ഞു.
ബന്ധു മുര്‍തജയെത്തിയാണ് ബറക്കത്തിനെ സമീപത്തെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ഒരു യുവതിയടക്കം മൂന്ന് മുസ്്‌ലിംകളെ ബീഫ് കടത്ത് ആരോപിച്ച് മര്‍ദിച്ച സംഘം ജയ് ശ്രീറാം വിളിപ്പിച്ചിരുന്നു.

 

Latest News