Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടും; എം.പിമാരെ ആവേശത്തില്‍ മുക്കി മോഡിയുടെ പ്രസംഗം

പുതിയ ഇന്ത്യക്കായി യാത്ര തുടങ്ങുന്നു

ന്യൂദൽഹി- ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റണമെന്ന് നരേന്ദ്ര മോഡി. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്തത് ഭരണാനുകൂല വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അതാണ് ഇത്രയധികം ഭൂരിപക്ഷം നേടിത്തന്നത്. ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ അഭിലാഷങ്ങളോട് ഉത്തരവാദിത്തോടെ പ്രതികരിക്കണം. രാജ്യത്തിന്റെ ലക്ഷ്യവും വിവിധ സംസ്ഥാനങ്ങളുടെ സ്വപ്‌നങ്ങളും ഒരുമിച്ചു കൊണ്ടുപോകണമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ എം.പിമാരോട് നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. 
പാർലമെന്റ് സെൻട്രൽ ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട 353 എൻ.ഡി.എ എം.പിമാരെയും ഘടക കക്ഷി നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ വഞ്ചിച്ചതായി മോഡി പറഞ്ഞു. ഇത് അവസാനിപ്പിക്കണം. എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യമുയർത്തിയാണ് നാം പ്രവർത്തിച്ചത്. ഇനി നാം എല്ലാവരുടേയും വിശ്വാസം എന്ന മുദ്രാവാക്യം കൂടി ഉയർത്തും.
പാവങ്ങൾ എങ്ങനെ ചതിക്കപ്പെട്ടോ അതുപോലെയാണ് ന്യൂനപക്ഷങ്ങളും ചതിക്കപ്പെട്ടത്. അവരുടെ വിദ്യാഭ്യാസവും ആരോഗ്യവും ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ. അവരുടെ നിരാശ ഇല്ലാതാക്കാനാണ് ഇനി നാം ശ്രമിക്കുന്നത്. അവരുടെ വിശ്വാസം നമുക്ക് നേടിയെടുക്കണം. 
നമ്മോടൊപ്പം നിന്നവർക്കായാണ് നാം പ്രവർത്തിക്കുക. ഒപ്പം നമുക്കൊപ്പം വരേണ്ടവർക്ക് വേണ്ടിയും പ്രവർത്തിക്കും. ഭയത്തോടെ ജീവിക്കാൻ ന്യൂനപക്ഷം നിർബന്ധിതരായി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അവരെ ചൂഷണം ചെയ്തു. ഇതിനെല്ലാം മാറ്റം വരും.
വി.ഐ.പി സംസ്‌കാരത്തെ രാജ്യം വെറുക്കുന്നുവെന്നും ഗാന്ധിജിയെയും അംബേദ്കറെയും മാതൃകയാക്കണമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരോട് മോഡി ആഹ്വാനം ചെയ്തു. ഭരണഘടനക്കു മുന്നിൽ തല കുമ്പിട്ടു വണങ്ങിയ ശേഷമാണ് മോഡി സംസാരിക്കുന്നതിനായി വേദിയിലെത്തിയത്. 
ജനപ്രതിനിധികളുടെ ഇടയിൽ ഒരു തരത്തിലുള്ള ഭിന്നരേഖയും ഉണ്ടാകാൻ പാടില്ലെന്നും മോഡി പറഞ്ഞു. എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതാണ് നമ്മുടെ മന്ത്രണം എന്നും മോഡി ഓർമിപ്പിച്ചു. ലോക രാജ്യങ്ങളിൽ എമ്പാടുമുള്ള ഇന്ത്യക്കാർ ഈ തെരഞ്ഞെടുപ്പു ഫലത്തെ ആഘോഷമാക്കി. ഇവിടെനിന്ന് ഒരു പുതിയ യാത്ര തുടങ്ങുകയാണ്. ലോകം മുഴുവൻ ഈ തെരഞ്ഞെടുപ്പിനെ വീക്ഷിച്ചു. നമ്മൾ സംയുക്തമായി ഇന്ത്യയെ മാറ്റിയെടുക്കുമെന്നും മോഡി പറഞ്ഞു. 
2019 തെരഞ്ഞെടുപ്പു മതിലുകൾ തകർക്കാനും ഹൃദയങ്ങൾ ബന്ധിക്കാനുമുള്ളതായിരുന്നു. അതുവഴി സമൂഹത്തെ ഏകോപിപ്പിക്കാൻ കഴിഞ്ഞു. ജനങ്ങൾ തന്നെ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചതിന് നമ്മൾ സാക്ഷികളാണ്. ഭരണാനുകൂല വികാരത്തിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പു ഫലം. ഈ ഭരണാനുകൂല വിവകാരം വിശ്വാസത്തിന്റെ നൂല് കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ആ വിശ്വാസം ജനങ്ങളും സർക്കാരുമായും മാത്രമല്ല, ജനങ്ങൾക്കിടയിൽ തന്നെ പരസ്പരം ഉള്ളതാണ്. 
ആദ്യമായി തെരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റിൽ എത്തിയ എം.പിമാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നു മോഡി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും ആശംസകളും അഭിനന്ദങ്ങളും അർഹിക്കുന്നു. എന്നാൽ, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാർ കൂടുതൽ അഭിനന്ദനം അർഹിക്കുന്നു എന്നും മോഡി പറഞ്ഞു. തെറ്റ് മാനുഷികമാണ്. എന്നാൽ, ശ്രദ്ധയോടെ പെരുമാറണം. എന്ത് ചെയ്യുമ്പോഴും ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഓർമിക്കണം. ഭരണഘടനാ ശിൽപിയായ അംബേദ്കറെയും ഓർമിക്കണം എന്നും മോഡി പറഞ്ഞു. 
മാധ്യമ പ്രവർത്തകർ 'ഓഫ് ദി റെക്കോർഡ്' പ്രതികരണം തേടി വരും. 'ഓഫ് ദി റെക്കോർഡ്' എന്ന് ഒന്ന് ഇല്ല. ഇക്കാലത്ത് പല തരത്തിൽ ഉള്ള റെക്കോർഡിംഗ് മെഷീനുകൾ ഉണ്ട്. ഏതൊക്കെ ഘടിപ്പിച്ച് ആണ് ആരൊക്കെ വരുന്നത് എന്ന് അറിയില്ലെന്നും മോഡി മുന്നറിയിപ്പു നൽകി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാർ ധാർഷ്ട്യം വെടിയണമെന്നും മാധ്യമങ്ങളുടെ ക്യാമറക്കു മുന്നിൽ പ്രലോഭനങ്ങൾക്ക് വഴങ്ങിപ്പോകരുതെന്നും മുന്നറിയിപ്പ് നൽകി. ആദ്യമായി എത്തുന്ന എം.പിമാർ പല വെല്ലുവിളികളെയും നേരിടേണ്ടി വരും. വി.ഐ.പി സംസ്‌കാരം ഒരു കാലത്തും ഗുണം ചെയ്യില്ല. രാജ്യം അതു വെറുക്കുന്നു. വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയിൽ പോലും പ്രത്യേക പരിഗണനയോ ഇളവോ ആവശ്യപ്പെടരുത്. ആയിരക്കണക്കിന് ക്യാമറകളാണ് നിങ്ങൾക്കും ചുറ്റും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് -മോഡി ഓർമിപ്പിച്ചു.


 

Latest News