അഹമദാബാദ്- ടൊയോട്ട ആള്‍ട്ടിസ് ലോകത്തെമ്പാടും ആരാധകരുള്ള മികച്ച ഒരു കാറാണ്. ഈ കാര്‍ പൂര്‍ണമായും ചാണകത്തില്‍ പൊതിഞ്ഞ ഒരു ചിത്രം രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറലായി ഈ ചിത്രത്തിനു പിന്നിലെ കഥകള്‍ തേടിക്കൊണ്ടിരിക്കെയാണ് യഥാര്‍ത്ഥ ഉടമയായ ഗുജറാത്തിലെ വീട്ടമ്മ രംഗത്തു വരുന്നത്. നല്ലൊരു സെഡാനില്‍ പൂര്‍ണമായും ചാണകം തേച്ചുപിടിച്ചിപ്പിച്ചത് എന്തിനാണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഇതിനു കാരണം അഹമദാബാദ് സ്വദേശിയായ വീട്ടമ്മ സെജല്‍ ഷാ പറയന്നത് ഇങ്ങനെ: കാഠിന്യമേറിയ വേനല്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണിത്. കാറില്‍ എസി പോലും ഉപയോഗിക്കേണ്ട ആവശ്യം വരുന്നല്ല.
ഹെഡ്‌ലാമ്പുകളും ഗ്രില്ലും വിന്‍ഡ്ഷീല്‍ഡും വിന്‍ഡോ, പിന്‍ ഗ്ലാസുകളും നമ്പര്‍ പ്ലേറ്റും ഒഴികെ ബാക്കിയെല്ലായിടത്തും നന്നായി ചാണകം മെഴുകിയിട്ടുണ്ട് സെജല്‍. കാഴ്ചഭംഗി കൂട്ടുന്നതിന് ബംപറിലും വശങ്ങളിലും റൂഫിന്റെ അരികുകളിലും വെളുത്ത ചായം പൂശി അതില്‍ രംഗോലി പോലുള്ള ഡിസൈന്‍ വരച്ചിട്ടുമുണ്ട്.
ഈ ചാണക കോട്ടിങ് കാറിനുള്ളിലെ ചൂട് പിടിച്ചു നിര്‍ത്ത് നല്ല തണുപ്പ് നല്‍കുന്നുവെന്നാണ് സെജലിന്റെ അവകാശ വാദം. തണുപ്പു കാലത്ത് ഇത് കാറിനുള്ളില്‍ ചൂടും പകരുന്നുണ്ടത്രെ. ഇതൊരു പരിസ്ഥിതി സൗഹൃദ തണുപ്പില്‍ മാര്‍ഗമായാണ് സെജല്‍ പരിചയപ്പെടുത്തുന്നത്. എസി പ്രവത്തിപ്പിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന വാതകങ്ങള്‍ ആഗോളതാപനത്തിന് ആക്കം കൂട്ടുന്നു. ചാണക കോട്ടിങിന് ഈ ദോഷമില്ല. കാറിനെ തണുപ്പിച്ച് നിര്‍ത്തുന്നതിനു പുറമെ പരിസ്ഥിതി മിലീനീകരണം തടയുകയും ചെയ്യുന്നു. വീട്ടില്‍ നിലത്തും ചുവരിലും ചാണകം മെഴുകുന്ന പഴയ രീതിയില്‍ നിന്ന് ഈ ആശയം ലഭിച്ചതെന്നും സെജല്‍ പറയുന്നു. ചാണക കാര്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ക്കും നല്ല വിഭവമായിട്ടുണ്ട്.