രാഹുല്‍ ഗാന്ധി രാജിക്കൊരുങ്ങുന്നു?

ന്യൂദല്‍ഹി- നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നതായി റിപോര്‍ട്ട്. തെരഞ്ഞെടുപ്പു ഫലം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ശനിയാഴ്ച യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചേക്കുമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കൂട്ടത്തോടെ രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് അയച്ചതോടെ രാജ്യത്തുടനീളം പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ട്. യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറും ഒഡീഷയിലെ അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കും ജനവിധി എതിരായതോടെ രാജിവച്ചിട്ടുണ്ട്. രാഹുലിന്റെ മണ്ഡലമായിരുന്ന അമേഠിയിലെ കോണ്‍ഗ്രസ് അധ്യക്ഷനും പദവി രാജിവച്ചു.

ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പു പ്രകടനം വിശദമായി ചര്‍ച്ച ചെയ്യും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കും. ജനങ്ങളിലേക്ക് എത്തുന്നതില്‍ പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചതെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് ഇതിനകം തന്നെ പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
 

Latest News