Sorry, you need to enable JavaScript to visit this website.

ആന്ധ്ര നായിഡുവിനെ കൈയൊഴിയുമോ? സഖ്യമില്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്

ഹൈദരാബാദ്- ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ് നിയമസഭിയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലവും ഇന്നറിയാം. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25,000 സംസ്ഥാന പോലീസുകാരോടൊപ്പം 35 കമ്പനി കേന്ദ്ര അര്‍ധസേനാ വിഭാഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്.
അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്കും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും ഒരു പോലെ സാധ്യത കല്‍പിക്കുന്നതായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 130-135 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോളും ടി.ഡി.പി 90-100 സീറ്റ് നേടുമെന്ന് ആര്‍.ജി ഫ്‌ളാഷ് എക്‌സിറ്റ് പോളും പ്രവചിക്കുന്നു. ഒറ്റഘട്ടത്തിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 73 ശതമാനമായിരുന്നു പോളിംഗ്. ഇരു പാര്‍ട്ടികളും പലയിടത്തും ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
175 അംഗ സംസ്ഥാന നിയമസഭയില്‍ ഭരണകക്ഷിയായ ടി.ഡി.പിക്ക് 102 എം.എല്‍.എമാരാണുള്ളത്. പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 67 എം.എല്‍.എമാരും ബി.ജെ.പിക്ക് നാല് എം.എല്‍.എമാരുമാണുള്ളത്. രണ്ട് സീറ്റുകളില്‍ മറ്റുള്ളവരാണ്.
175 അംഗ നിയമസഭയിലേക്ക് 2118 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. സംസ്ഥാനത്ത് പുതുതായി രൂപം കൊണ്ട ജനസേന പാര്‍ട്ടി ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.
കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ  ടി.ഡി.പി ആദ്യമായി തനിച്ച് മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്. 2014 ല്‍ സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം ആദ്യമായി നടക്കുന്ന വോട്ടെടുപ്പ് കൂടിയാണ്. 2014 ല്‍ ഏകീകൃത സംസ്ഥാനത്താണ് വോട്ടെടുപ്പ് നടന്നതെങ്കിലും ഫലം വന്ന ശേഷം വിഭജിക്കുകയായിരുന്നു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മത്സരിക്കുന്ന കുപ്പം മണ്ഡലത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ ചന്ദ്ര മൗലിയാണ് മുഖ്യ എതിര്‍ സ്ഥാനാര്‍ഥി. നായിഡുവിന്റെ മകനും മന്ത്രിയുമായ നാര ലോകേഷ് മംഗളഗിരി മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അല്ല രാമകൃഷ്ണ റെഡ്ഢിയെ നേരിടുന്നു.
നേതാക്കളുടെ പ്രവാഹം പ്രതീക്ഷിക്കുന്ന ചന്ദ്രബാബു നായിഡുവിന്റേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ്   ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും വസതികളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

 

Latest News