Sorry, you need to enable JavaScript to visit this website.

ലോകം ദാരിദ്ര്യത്തിലേക്കെന്ന് യു.എന്‍ മുന്നറിയിപ്പ് 

ന്യൂയോര്‍ക്ക്- ലോകത്തിന്റെ സാമ്പത്തികവളര്‍ച്ച സംബന്ധിച്ച് ജനുവരിയില്‍ ഐക്യരാഷ്ട്ര സംഘടന നടത്തിയ പ്രവചനം തിരുത്തുന്നു. വളര്‍ച്ച താഴേക്കെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹ്യകാര്യ വിഭാഗം പുറത്തിറക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. 2019ലും 2010ലും ലോക സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനമായി നിലനില്‍ക്കുമെന്നായിരുന്നു പ്രവചനം. അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കയുദ്ധം, വ്യവസായമേഖലയിലെ തളര്‍ച്ച, നിക്ഷേപത്തിലുള്ള ഇടിവ് എന്നിവ വളര്‍ച്ചാനിരക്കിനെ വീണ്ടും താഴേക്ക് കൊണ്ടുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പറഞ്ഞ 2019ലെ മൂന്ന് ശതമാനം വളര്‍ച്ചാനിരക്ക് എന്നത് പുതുക്കിയ റിപ്പോര്‍ട്ടനുസരിച്ച് 2.7 ശതമാനമായിരിക്കും. 2020ല്‍ 2.9 ശതമാനമായി ഉയരാനിടയുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാണിജ്യ തീരുവ സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള പോര് ലോക വ്യാപാരത്തെയാകെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. 2030ല്‍ ലോകത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന ലക്ഷ്യം മാറ്റിയെഴുതേണ്ട സാഹചര്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ വളര്‍ച്ചാനിരക്കിന് തിരിച്ചടിയുണ്ടാകുന്നത് ഈ ലക്ഷ്യത്തെ തകര്‍ക്കും.
ജനുവരിയില്‍ നടത്തിയ വളര്‍ച്ചാനിരക്ക് പ്രവചനത്തേക്കാള്‍ താഴേക്ക് പോകുമെന്ന് ഇപ്പോഴത്തെ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന രാജ്യങ്ങള്‍ അമേരിക്ക, ചൈന, ബ്രസീല്‍, ഇന്ത്യ, പാകിസ്ഥാന്‍, മെക്‌സിക്കോ, ആസ്‌ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ്. അമേരിക്കയില്‍ 2019ല്‍ 2.5 ശതമാനം വളര്‍ച്ചാനിരക്കുണ്ടാകുമെന്നായിരുന്നു പ്രവചനം. 2020ല്‍ രണ്ട് ശതമാനമാകുമെന്നും. പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2.3 ശതമാനമായി 2019ല്‍ കുറയും. 2020ല്‍ 2.1 ശതമാനവുമാകും.
2019ല്‍ 6.3 ശതമാനം വളര്‍ച്ചാനിരക്കാണ് ചൈന നേടുമെന്ന് പ്രവചിച്ചിരുന്നത്. ഇതില്‍ കാര്യമായ മാറ്റമില്ല. ഇന്ത്യ 7.6 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ പുതിയ കണക്കനുസരിച്ച് അത് 7 ശതമാനമാകും. 2020 ആകുമ്പോള്‍ 7.1 ആയി ഉയരുമെന്നും. 2018 സെപ്തംബര്‍ മുതല്‍ ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യത്തില്‍ 15 ശതമാനം കുറവു വന്നു. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ 15 ല്‍ നിന്ന് 25 ശതമാനമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വര്‍ധിപ്പിച്ചിരുന്നു. 200 മില്യണ്‍ ഡോളറിന്റെ അധികബാധ്യതയാണ് ചൈനയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. ചൈനയും തീരുവ ഉയര്‍ത്തി തിരിച്ചടിച്ചു. വളര്‍ച്ചാനിരക്കിനെ വീണ്ടും കുറയ്ക്കുന്നതില്‍ പ്രധാന പങ്കാണ് ഈ വാണിജ്യയുദ്ധം വഹിക്കുന്നത്.
നിക്ഷേപസാധ്യത വര്‍ധിപ്പിക്കല്‍, വരുമാനത്തിലെ അസമത്വം കുറയ്ക്കല്‍, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നടപടികള്‍ എന്നിവയും വാണിജ്യരംഗത്തെ നടപടികള്‍ക്കൊപ്പം ഉറപ്പാക്കിയാല്‍ മാത്രമേ വളര്‍ച്ചാനിരക്ക് വര്‍ധിപ്പിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങളും ദാരിദ്ര്യനിര്‍മാര്‍ജനവും യാഥാര്‍ഥ്യമാക്കാനുമാകൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest News