ന്യൂദല്‍ഹി- വോട്ടെടുപ്പിനു ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ആശങ്കയിലായ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ക്ക് രാത്രി കാവലിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ക്കു മുന്നിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കണ്ണടക്കാതെ രാത്രി കാലങ്ങളില്‍ കാവലിരിക്കുന്നത്. ഭോപാലില്‍ സെന്‍ട്രല്‍ ജയിലിലെ ഇവിഎം സൂക്ഷിപ്പു കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്ഥാനാര്‍ത്ഥിയുമായ ദിഗ്‌വിജയ സിങും ഭാര്യയും സന്ദര്‍ശനത്തിനെത്തി. ഉത്തര്‍ പ്രദേശില്‍ മീറത്തിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമുകള്‍ക്കു പുറത്തു കാവലിരിക്കുന്നുണ്ട്. ഛണ്ഡീഗഡില്‍ തിങ്കളാഴ് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരിക്കുന്നു.
സ്‌ട്രോങ് റൂമുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പു കമ്മീഷന്‍ എല്ലായിടത്തും 24 മണിക്കൂറും പുറത്തു വിട്ടു കൊണ്ടിരിക്കുന്നുണ്ട്. ഈ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കു മുമ്പിലാണ് പലയിടത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ ജാഗ്രതയോടെ കാവലിരിക്കുന്നത്.
ഇവിഎം സൂക്ഷിപ്പു കേന്ദ്രങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായി മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. സാധ്യമെങ്കില്‍ സ്‌ട്രോങ് റൂമുകളിലെ സിസിടിവ കാമറകളുടെ പാസ്‌വേഡ് സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറണമെന്നും ഇതുവഴി അവര്‍ക്കും നിരീക്ഷിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള രണ്ടു രാത്രികള്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ബിജെപി പ്രവര്‍ത്തകര്‍ അട്ടിമറി നീക്കങ്ങള്‍ നടത്തുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന് എല്ലാ പാര്‍ട്ടികളും ജാഗ്രതയോടെ ഇരിക്കണമെന്നും മുംബൈ നോര്‍ത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ് നിരുപം പറഞ്ഞു.
തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ബുധനാഴ്ച മണ്ഡലത്തിലെ ഇവിഎം സൂക്ഷിപ്പു കേന്ദ്രം സന്ദര്‍ശിക്കും. അസമിലെ കാംരൂപില്‍ ഇവിഎം സൂക്ഷിപ്പു കേന്ദ്രത്തിലേക്കുള്ള റോഡിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിലാണ്.