Sorry, you need to enable JavaScript to visit this website.

വോട്ടെണ്ണും മുമ്പേ സര്‍ക്കാരില്‍ ചേരാന്‍ തയാറായി രണ്ട് എന്‍.ഡി.എ കക്ഷികള്‍

ന്യൂദല്‍ഹി- ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ കേവല ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ ചേരാനുള്ള താല്‍പര്യം പരസ്യമാക്കി രണ്ട് ഘടക കക്ഷികള്‍. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും അണ്ണാ ഡി.എം.കെയുമാണ് വോട്ടെണ്ണുന്നതിനു മുമ്പ് തന്നെ മന്ത്ര പദവികള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചത്.

എന്‍.ഡി.എ സര്‍ക്കാരിന് രണ്ടാമൂഴം ലഭിക്കുമെന്ന കാര്യത്തില്‍ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ഒട്ടും സംശയമില്ല. ചേരി മാറി 2017 ലാണ് നിതീഷ് കുമാര്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന സഖ്യത്തിലെത്തിയത്. തന്റെ പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നിവയോടൊപ്പമുള്ള ബിഹാറിലെ മഹാസഖ്യം ഉപേക്ഷിച്ച് കാവി മുന്നണിയിലെത്തിയെങ്കിലും നിതീഷ് കുമാറിന്റെ പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ക്കാരില്‍ ചേര്‍ന്നിരുന്നില്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച ജെ.ഡി.യുവിന് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ബിഹാറിലെ 40 സീറ്റുകളില്‍ 22 സീറ്റും കരസ്ഥമാക്കിയ ബി.ജെ.പിയുമായോ മറ്റു രണ്ട് എതിര്‍പാര്‍ട്ടികളുമായോ ആ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സഖ്യമുണ്ടാക്കിയിരുന്നില്ല.

എക്‌സിറ്റ് പോളുകള്‍ ശരിയായാലും ഇല്ലെങ്കിലും നരേന്ദ്ര മോഡി സര്‍ക്കാര്‍ തന്നെയായിരിക്കും നിലവില്‍ വരികയെന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാനെത്തിയ നിതീഷ് കുമാര്‍ പറഞ്ഞത്. ബിഹാറിനു ലഭിക്കേണ്ട പ്രത്യേക പാക്കേജിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികള്‍ എന്‍.ഡി.എ ഗവണ്‍മെന്റിന്റെ ഭാഗമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പട്‌നയില്‍ വാര്‍ത്താ ലേഖകരോട് വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടില്‍ ഡി.എം.കെക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളിയ അണ്ണാ ഡി.എം.കെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീര്‍ ശെല്‍വം കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ വരുമെന്നും തങ്ങള്‍ അതില്‍ ചേരുന്ന കാര്യം ഫലപ്രഖ്യാപനത്തിനുശേഷം തീരുമാനിക്കുമെന്നും പറഞ്ഞു.

ദേശീയ തലത്തിലുള്ള പ്രവചനങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മനോനിലയാണ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്ക് രണ്ടാമൂഴം നല്‍കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്-പന്നീര്‍ ശെല്‍വം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രി എഡപ്പാടി കെ പളനിസ്വാമിയുമായുള്ള ഭിന്നതകള്‍ പരിഹരിച്ച് ഒന്നിക്കാന്‍ നേരത്തെ പന്നീര്‍ ശെല്‍വം തയാറായിരുന്നത്.  എന്‍.ഡി.എ സര്‍ക്കാരില്‍ ചേരുന്ന കാര്യം ഫലപ്രഖ്യാപനത്തിനുശേഷം തീരുമാനിക്കുമെന്ന് ഒ.പി.എസ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണുന്ന വ്യാഴാഴ്ച പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലാണ് സര്‍ക്കാരില്‍ചേരുന്ന കാര്യം തീരുമാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പന്നീര്‍ ശല്‍വവും കഴിഞ്ഞ ദിവസം അമിത് ഷാ നല്‍കിയ വിരുന്നില്‍ പങ്കെടുത്തു.

 

 

Latest News