ന്യൂദല്‍ഹി- ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വ്യാഴാഴ്ച പുറത്തു വരാനിരിക്കെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായി കൃത്രിമം നടന്നുവെന്ന ആരോപണം ശക്തമാകുന്നു. യുപിയിലും ബിഹാറിലും പലയിടത്തായി വോട്ടിങ് യന്ത്രങ്ങള്‍ ട്രക്കുകളിലും കാറുകളിലും മറ്റു കടത്തുന്നതായുള്ള വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ബിഹാറിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിനു സമീപം ട്രക്കിലെത്തിച്ച രണ്ടു ലോഡ് വോട്ടിങ് യന്ത്രങ്ങള്‍ പിടികൂടിയതിനു പിന്നാലെ യുപിയിലെ ചന്ദോലിയില്‍ ഒരു കൗണ്ടിങ് സെന്ററിലേക്ക് സംശയകരമായി രീതിയില്‍ വോട്ടിങ് യന്ത്രങ്ങള്‍ എത്തിക്കുന്ന വിഡിയോയും പുറത്തു വന്നു.
ഇവിടെ എസ്.പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി പ്രവര്‍ത്തകരും ഇതു ചോദ്യം ചെയ്യുന്നതും വിഡിയോയിലുണ്ട്. വോട്ടിങ് കഴിഞ്ഞ ഒരു ദിവസത്തിനു ശേഷമാണ് ഇവ എത്തിച്ചത്. എന്തുകൊണ്ട് നേരത്തെ എത്തിച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. അതേസമയം ഇവ കേടായ യന്ത്രങ്ങള്‍ക്കു പകരം ഉപയോഗിക്കാന്‍ വച്ചിരുന്ന കരുതല്‍ യന്ത്രങ്ങളാണെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി അഫ്സല് അന്‍സാരിയും അണികളും പ്രതിഷേധവുമായി ഇവിടെ ധര്‍ണയിരുന്നു. യുപിയിലെ ദൊമരിയാഗഞ്ചില്‍ കഴിഞ്ഞയാഴ്ച ഒരു സ്ട്രോങ് റൂമില്‍ നിന്നും മിനി ട്രക്കില്‍ വോട്ടിങ് യന്ത്രങ്ങള്‍ പുറത്തേക്ക് കൊണ്ടു പോകുന്നത് എസ്പി-ബിഎസ്പി പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. യുപിയിലെ ഝാന്‍സി, മൗ, മിര്‍സാപൂര്‍, ഹരിയാനയിലേയും പഞ്ചാബിലേയും വിവിധ ഇടങ്ങളില്‍ നിന്നും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം ഈ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോകോളും പാലിച്ച് സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കമ്മീഷന് മറുപടി നല്കി.
വോട്ടിങിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മുഴുസമയവും സായുധ പോലീസിന്റെ കാവലില്‍ ആയിരിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ കമ്മീഷന് ഉത്തരവിട്ടിരുന്നു. വോട്ടിങ് രേഖപ്പെടുത്തിയ യന്ത്രങ്ങളും കരുതലായി വച്ച യന്ത്രങ്ങളും ഒരേ സമയം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ തിരിച്ചെത്തിക്കണമെന്നും കമ്മീഷന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചാണ് തെരഞ്ഞെടുപ്പ് അവസാനിച്ച് ഒരു ദിവസം പിന്നിട്ട ശേഷവും യന്ത്രങ്ങള്‍ വാഹനങ്ങളില്‍ പലയിടത്തും കൊണ്ടു പോകുമെന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Without any comment, an EVM video from Chandauli, UP.
— Ravi Nair (@t_d_h_nair) May 20, 2019
pic.twitter.com/Gmwj638mdo