ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ മാര്‍ച്ച് 26 ദുരൂഹമായി പ്രത്യക്ഷപ്പെട്ട് എല്ലായിടത്തും സൗജന്യമായി ലഭിച്ചിരുന്ന നമോ ടിവി എന്ന ചാനല്‍ തെരഞ്ഞെടുപ്പു അവസാനിച്ചതോടെ ദുരൂഹമായി തന്നെ അപ്രത്യക്ഷമായി. കേന്ദ്ര സര്‍ക്കാരിന്റേതാണോ ബിജെപിയുടേതാണോ എന്ന സംശയങ്ങള്‍ ഉയരുകയും തെരഞ്ഞെടുപ്പു കമ്മീഷനില്‍ പ്രതിപക്ഷത്തിന്റെ പരാതികള്‍ക്കും കാരണമായി ഈ വിവാദ ചാനല്‍ ബിജെപി പണമിറക്കി നടത്തുന്നതാണെന്ന് നേരത്തെ വിശദീകരണം വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പു റാലികള്‍, പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍, മുന്‍ പ്രസംഗങ്ങള്‍, സര്‍ക്കാര്‍ പരസ്യങ്ങള്‍ എന്നിവയാണ് ഈ ചാനലിലൂടെ സംപ്രേഷണം ചെയ്തു കൊണ്ടിരുന്നത്. രാജ്യത്തെ എല്ലാ ഡിടിഎച് സേവനദാതാക്കളും സൗജന്യമായാണ് ഈ ചാനല്‍ നല്‍കിയിരുന്നത്.
ടാറ്റ സ്‌കൈ, വിഡിയോകോണ്‍, ഡിഷ് ടിവി തുടങ്ങി എല്ലാ സേവനദാതാക്കളും നമോ ടിവി ഇന്ത്യയിലുടനീളം സൗജന്യമായാണ് നല്‍കിയിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം പരാതി നല്‍കിയിരുന്നു. ബിജെപിയുടെ പ്രൊപഗണ്ട ഉപകരണമായാണ് ഇതുപയോഗിക്കുന്നത് എന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നല്‍കിയ മറുപടി വിവാദം ആളികത്തിക്കുകയാണ് ചെയ്തത്. ബിജെപി പണം നല്‍കി നടത്തുന്ന, പരസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചാനലാണിതെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. ഇതു രജിസ്റ്റര്‍ ചെയ്ത ചാനലല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടികള്‍ നമോ ടിവിയില്‍ പ്രക്ഷേപണം ചെയ്യരുതെന്ന് ഒടുവില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.
വോട്ടെടുപ്പ് അവസാനിച്ചതോടെ ഈ ചാനല്‍ അപ്രത്യക്ഷമായത് ഇത് ബിജെപി കൂടുതല്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് നടത്തിയിരുന്നതാണെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനു പുറമെ ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് നമോ ടിവി സംപ്രേഷണം നടത്തിയിരുന്നതെന്നും ഇതോടെ വ്യക്തമായി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവും തൃപ്തികരമായ ഒരു മറുപടിയും ഇതുവരെ നല്‍കിയിട്ടുമില്ല.