Sorry, you need to enable JavaScript to visit this website.

ഹുവാവെക്ക് ഇനി ആന്‍ഡ്രോയ്ഡ് നല്‍കില്ലെന്ന് ഗൂഗ്ള്‍

ന്യൂയോര്‍ക്ക്- യുഎസില്‍ ട്രംപ് ഭരണകൂടം വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചൈനീസ് ടെക് കമ്പനിയായ ഹുവാവെയുമായുള്ള ഇടപാടുകള്‍ ഗൂഗ്ള്‍ അവസാനിപ്പിക്കുന്നു. യുഎസ് വിപണിയില്‍ വലിയ മുന്നേറ്റം നടത്തിയ ഹുവാവെ ഡിവൈസുകള്‍ക്ക് ഇനി ആന്‍ഡ്രോയ്ഡ് നല്‍കില്ലെന്ന് ഗൂഗ്ള്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഗൂഗ്ള്‍ സേവനങ്ങളും പ്ലേ സ്റ്റോറിലെ ആപ്പുകലും ഹുവാവെ സ്മാര്‍ട്‌ഫോണുകളില്‍ ലഭിക്കാതാകും. നിലവില്‍ ഹുവാവെ സ്മാര്‍ട്‌ഫോണുകളും മറ്റു ഡിവൈസുകളും ഉപയോഗിക്കുന്നവരെ ഇതു ബാധിക്കില്ലെന്നും ഇവര്‍ക്ക് തുടര്‍ന്നും ഗൂഗ്ള്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുമെന്നും ഗൂഗ്ള്‍ അറിയിച്ചു.

ഗൂഗ്‌ളിന്റെ ഈ നീക്കം ചൈനയ്ക്കു പുറത്തെ വിപണിയില്‍ ഹുവാവെക്ക് വലിയ തിരിച്ചടിയാകും. ഹുവാവെയെ ലോകത്തൊട്ടാകെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎസ് ശ്രമിച്ചു വരികയാണ്. നിലവില്‍ ഗൂഗ്‌ളിന്റെ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റം ആയ ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയാണ് ഹുവാവെ സ്മാര്‍ട്‌ഫോണുകളും മറ്റു ഡിവൈസുകളും വിപണിയിലെത്തിക്കുന്നത്. ഈ ബന്ധം മുറിക്കുന്നതോടെ ഗൂഗ്ള്‍ പ്ലെ, ജിമെയില്‍, യുട്യൂബ് പോലുള്ള ജനപ്രിയ ഗൂഗ്ള്‍ സേവനങ്ങല്‍ ഹുവാവെ ഉപഭോക്തക്കാക്കള്‍ ലഭിക്കാതാകും.

അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ് വെയ്‌റുകളും ഹുവാവെയ്ക്ക് വിതരണം ചെയ്യരുതെന്ന് ഇന്റല്‍, ക്വാല്‍കോം, സിലിങ്‌സ്, ബ്രോഡ്‌കോം എന്നീ ചിപ് നിര്‍മ്മാണ കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്തിരുന്നു.

പുതിയ സംഭവവികാസങ്ങളോട് ഹുവാവെയും മറ്റു കമ്പനികളും പ്രതികരിച്ചിട്ടില്ല.
 

Latest News