Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗാനുരാഗം കുടുംബ കലഹത്തിലേക്ക്; ദ്യുതിയുടെ ജീവനും സ്വത്തും അപകടത്തിലെന്ന് സഹോദരി

ഭുവനേശ്വര്‍- 19കാരി ബന്ധുവുമായുള്ള സ്വവര്‍ഗപ്രണയം വെളിപ്പെടുത്തി ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദിന്റെ ജീവനും സ്വത്തിനു ഭീഷണിയുണ്ടെന്ന ആരോപണവുമായി സഹോദരി സരസ്വതി ചന്ദ് രംഗത്തെത്തി. സ്വവര്‍ഗ ബന്ധത്തിന്റെ പേരില്‍ കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന ഭീഷണിയുണ്ടെന്ന് ദ്യുതി കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് സഹോദരിയുടെ രംഗപ്രവേശം. പങ്കാളിയായ പെണ്‍കുട്ടിയും കുടുംബവും അവളുമായുള്ള വിവാഹത്തിന് ദ്യുതിയെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്‌തെന്നും ഇത് ദ്യുതിയുടെ സ്വത്തും പണവും തട്ടാനുള്ള നീക്കമാണെന്നും സഹോദരി ആരോപിക്കുന്നു. ദ്യുതിയുടെ ജീവനും സ്വത്തും അപകടത്തിലാണെന്നും അവള്‍ക്കു സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സരസ്വതി ആവശ്യപ്പെട്ടു. ദ്യുതിയുടെ തീരുമാനം അവളുടെ സ്വന്തം തീരുമാനമല്ലെന്ന് പറയേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു. 

കായിക രംഗത്തു നിന്നും വഴിമാറ്റാനുള്ള ഒരു കെണിയിലേക്ക് ദ്യുതി വീണിരിക്കുകയാണെന്നും അത്‌ലെറ്റ് കൂടിയായ സരസ്വതി ആരോപിച്ചു. ദ്യുതിയുടെ സ്വവര്‍ഗ ബന്ധത്തില്‍ കുടുംബത്തിന് വിയോജിപ്പുണ്ടോ എന്ന ചോദ്യത്തിന് ദ്യുതി ഒരു മുതിര്‍ന്ന ആളാണെന്നായിരുന്നു സരസ്വതിയുടെ മറുപടി. അവള്‍ ഒരു മുതിര്‍ന്ന വ്യക്തിയാണ്. ആണിനെ വിവാഹം ചെയ്യണോ പെണ്‍കുട്ടിയെ വിവാഹം ചെയ്യണോ എന്നത് അവളുടെ തീരുമാനമാമ്. എന്നാല്‍ ദ്യുതി ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. അല്ലെങ്കില്‍ വിവാഹം കാര്യം പിന്നീട് ചര്‍ച്ച ചെയ്യുമായിരുന്നു- സരസ്വതി പറഞ്ഞു.

ദ്യുതിയുടെ വിജയത്തില്‍ പങ്കുണ്ടെന്ന് അവകാശപ്പെടുന്ന അതേ ആളുകളാണ് ഇതിലും കുറ്റക്കാര്‍. അവരാണ് ദ്യുതിയെ കായിക രംഗത്തു നിന്നും വഴിതെറ്റിച്ച് വിവാദങ്ങളില്‍ ചാടിക്കുന്നത്.  2020 ഒളിംപിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അവളെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണെന്നും സഹോദരി ആരോപിച്ചു. 

Latest News