വോട്ടെടുപ്പിനിടെ ബംഗാളിലും പഞ്ചാബിലും സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത- ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പശ്ചിമ ബംഗാളിലും പഞ്ചാബിലും പരക്കെ സംഘര്‍ഷം. ബംഗാളിലെ ബസിര്‍ഹട്ടില്‍ ഒരു പോളിങ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകരെ വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബിജെപി സ്ഥാനാര്‍ത്ഥി സായന്തന്‍ ബസുവും സ്ഥലത്തുണ്ടായിരുന്നു. തടഞ്ഞ നൂറോളം പ്രവര്‍ത്തകരെ വോട്ടു ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇസ്ലാംപൂരില്‍ ഒരു പോളിങ് ബൂത്തില്‍ പൊട്ടിത്തെറി ഉണ്ടായതായും റിപോര്‍ട്ടുണ്ട്. വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനത്തെ ഏഴു ലോക്‌സഭാ മണ്ഡലങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

ബര്‍സാത്തില്‍ ബിജെപി ഓഫീസിന് ആക്രമികള്‍ തീയിട്ടു. ഒരു സംഘം ആളുകള്‍ തന്നെ ആക്രമിച്ചതായി നോര്‍ത്ത് കൊല്‍ക്കത്ത ബിജെപി സ്ഥാനാര്‍ത്ഥി രാഹുല്‍ സിന്‍ഹ പറഞ്ഞു. ആക്രമിക്കപ്പെട്ടെന്നു പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥികളായ അനുപം ഹസ്‌റ, നിലഞ്ജന്‍ റോയ് എന്നിവരും രംഗത്തെത്തി.

പഞ്ചാബില്‍ പലയിടത്തും കോണ്‍ഗ്രസ്-അകാലി ദള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍ വോട്ടു ചെയ്തു മടങ്ങുകയായിരുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.

Latest News