മുംബൈ- മാലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളും ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രത്യേക കോടതി നിര്‍ദേശിച്ചു. ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം ഏഴ് പ്രതികളും ഹാജരാകണമന്നാണ് കോടതി നിര്‍ദിശേച്ചിരിക്കുന്നത്. പ്രജ്ഞാ സിംഗും കേണല്‍ പുരോഹിതും ജാമ്യത്തിലാണ്. വ്യക്തമായ കാരണങ്ങളില്ലാതെ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ആരേയും ഒഴിവാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഈ മാസം 20 ന് കോടതി വീണ്ടും വാദം കേള്‍ക്കും.
2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവ് പട്ടണത്തിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സ്ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വ ഭീകര സംഘടനയായ അഭിനവ് ഭാരതാണെന്ന് പിന്നീട് കണ്ടെത്തി. 14 ഹിന്ദുത്വ ഭീകരരര്‍ക്കെതിരെയാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഡോക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരുമുള്‍പ്പെടെ 286 സാക്ഷികളുടെ പട്ടികയാണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചിരുന്നത്. 200 ലേറെ രേഖകളും നല്കി.
പ്രജ്ഞാ സിംഗ് താക്കൂറിനും പുരോഹിതിനും പുറമെ, മേജര്‍ രമേശ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് മറ്റു പ്രതികള്‍. കഴിഞ്ഞ ഒക്ടോബര്‍ 30ന് എഴു പേര്‍ക്കെതിരെ ഭീകരാക്രമണ ഗുഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.