ലണ്ടന്‍- ഒരു ഷോപ്പില്‍ വച്ചു കണ്ടു മുട്ടിയ യുവതിയെ വിടാതെ പിന്തുടര്ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തിയും ഫോണ്‍ വിളിച്ചും മെസേജുകള്‍ അയച്ചും ഒന്നര വര്‍ഷത്തോളം ശല്യം ചെയ്ത ഇന്ത്യക്കാരനായ യുവാവിനെ കോടതി രണ്ടര വര്‍ഷം തടവിനു ശിക്ഷിച്ചു. കുറ്റക്കാരനെന്നു കണ്ടെത്തിയ 28കാരനായ രോഹിത് ഷര്മയെയാണ് ജയിലിലടച്ചത്. വിടാതെ പിന്തുടര്‍ന്നതിന് 22 മാസവും പീഡനത്തിന് ആറുമാസവും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിന് ഒരു മാസവും അടക്കം 29 മാസത്തേക്കാണ് തടവു ശിക്ഷി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം രോഹിതിനെ നാടുകടത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.
2017 നവംബറില്‍ വെംബ്ലിയിലെ ഒരു ഷോപ്പില്‍ വച്ച് കണ്ടുമുട്ടിയ അവിടെ ജോലിക്കാരിയായ യുവതിയെ രോഹിത് പിന്നീട് വിടാതെ പിന്തുടരുകയായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ അല്പം സംസാരിച്ച ശേഷം തിരിച്ചു പോയ രോഹിത് ഇതേ ദിവസം തന്നെ അച്ഛനേയും കൂട്ടി വന്ന് യുവതിയൊട് വിവാഹഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി സമ്മതിച്ചില്ല. ശല്യമായതോടെ യുവതി ഈ ജോലി വിട്ട് മറ്റൊരിടത്തേക്കു മാറി. രോഹിത് ഇതു കണ്ടു പിടിക്കുകയും യുവതിയുടെ മൊബൈല്‍ നമ്പര്‍ ഒപ്പിച്ചെടുക്കുകയും ചെയ്ത് വീണ്ടും ശല്യം തുടര്‍ന്നു. നിരന്തരം മെസേജുകള്‍ അയച്ചും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ഇയാള്‍ ശല്യം തുടര്‍ന്നതോടെ 2018 ഫെബ്രുവരിയില്‍ യുവതി പോലീസില്‍ റിപോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പോലീസ് രോഹിതിന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു കണക്കിലെടുക്കാതെ ശല്യപ്പെടുത്തല്‍ വീണ്ടും തുടര്‍ന്നു. ഒരു ദിവസം 40 തവണ വരെ ഫോണില്‍ വിളിച്ചും ജോലി സ്ഥലത്തെത്തി പിന്നാലെ കൂടുകയും ചെയ്യുന്നത് പതിവായി. പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ രോഹിതിനെതിരെ 2018 ജൂലൈയില്‍ പീഡനക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ശല്യം തുടര്‍ന്നു. 2018 നവംബറില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നതോടെ പോലീസിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയിലും ഉള്‍പ്പെട്ടു. രോഹിതിന്റെ ശല്യം സഹിക്കാനാവാതെ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് യുവതി മാറിയെങ്കിലും യുവതിയുടെ പരിചയക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതി ശല്യം തുടര്‍ന്നത്. ഒടുവില്‍ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 16-നാണ് രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തത്.