ന്യൂദല്‍ഹി-നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ ഇന്ത്യയിലെ മുസ്ലിംകള് ഭയക്കുന്നതായി റിപ്പോര്‍ട്ട്. ബീഫിന്റെ പേരില്‍ അസമിലെ ഷൗക്കത്ത് അലി എന്ന ഹോട്ടല്‍ കച്ചവടക്കാരന് നേരിടേണ്ടി വന്ന അനുഭവം മുഖ്യവിഷയമാക്കി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബിബിസിയുടെ ലേഖിക രജിനി വൈദ്യനാഥനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഒരു സംഘമാളുകള്‍ ഷൗക്കത്തിനെ തടഞ്ഞുനിര്‍ത്തി ബീഫ് വില്‍ക്കുന്നതെന്തിനാണ് എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ചുറ്റും കൂടിനിന്നവര്‍ ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.ന ദശാബ്ദങ്ങളായി ബീഫ് വില്‍ക്കുന്ന ഷൗക്കത്തിന് ഇതുവരെ ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നിട്ടില്ലെന്നതും ബീഫ് വില്‍ക്കുന്നത് നിരോധിച്ചിട്ടില്ലാത്ത അസമിലാണ് ഇത്തരമൊരു അനുഭവമെന്നതുമാണ് ശ്രദ്ധേയം.
ഇത് തന്റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണെന്നും തനിക്ക് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ലെന്നും ഷൗക്കത്ത് പറയുന്നു. ആക്രമണം നടന്ന് ഒരുമാസത്തിനിപ്പുറവും നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ 2019 ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് പ്രകാരം 2015 മെയ് 2018 ഡിസംബര്‍ കാലയളവില്‍ 36 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 100ലേറെ അക്രമസംഭവങ്ങളില്‍ 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അതിക്രമങ്ങള്‍ ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
കത്വ പീഡനം, മുഹമ്മദ് അഖ്ലാഖ് വധം, അസമില്‍ പൗരത്വ രജിസ്റ്റര്‍ ഇല്ലാത്ത മുസ്ലീങ്ങളെ രാജ്യത്തില്‍ നിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.