ഹൈദരാബാദ്- കേരളത്തിലടക്കം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് മേധാവി നൗഹീറ ഷെയ്ഖിനെയും(45) രണ്ടു സഹായികളേയും ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. ചെഞ്ചല്‍ഗുഡ ജയിലില്‍ കഴിയുകയായിരുന്ന നൗഹീറക്കൊപ്പം കൂട്ടാളികളായ ബിജു തോമസ്, മോളി തോമസ് എന്നിവരെയാണ് പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇ.ഡി കസ്റ്റഡിയിലെടുത്തത്. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് ഹൈദരാബാദ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി മുമ്പാകെ ഹാജരാക്കി. മൂന്ന് ദിവസം മുതല്‍ ഏഴു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. നൗഹീരയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ തട്ടിപ്പു കേസുകള്‍ നിലവിലുണ്ട്. തെലങ്കാന പോലീസ് രജിസ്റ്റര് ചെയത കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്.
നൂറുകണക്കിന് നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിനു രൂപ തട്ടിയ നൗഹീറ മൊത്തം 20 കമ്പനികള്‍ നടത്തിയിരുന്നു. ഹൈദരാബാദ് ആണ് ആസ്ഥാനം. ഹീര എക്‌സിം ഗോള്‍ഡ് എന്ന കമ്പനിയുടെ കോഴിക്കോട്ടെ ഓഫിസ് വഴി 40 കോടിയെങ്കിലും തട്ടിയതായാണ് കേസ്. ചെമ്മങ്ങാട് പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഇതുവരെ 29 പേരുടെ മൊഴി രേഖപ്പെടുത്തി. . നിക്ഷേപത്തിനു പലിശയ്ക്കു പകരം ലാഭവിഹിതം നല്‍കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു നൗഹീറയുടെ തട്ടിപ്പ്. ഒരു ലക്ഷം രൂപയ്ക്കു 3200 മുതല്‍ 4500 രൂപവരെ പ്രതിമാസം ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നു.
തിരുപ്പതി സ്വദേശിയായ നൗഹീറ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലും സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹീര ഗ്രൂപ്പിനെതിരെ പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് ഒക്ടോബറില്‍ ഹൈദരാബാദ് പോലീസ് നൗഹീറയെ അറസ്റ്റ് ചെയ്തു.