ന്യൂദൽഹി- ആദ്യ ആറ് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ബിജെപി ഭൂരിപക്ഷം മറികടന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ. അവസാന ഘട്ടം കൂടി പൂർത്തിയാകുമ്പോൾ സീറ്റ് നേട്ടം 300 കടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം മുഴുവൻ സഞ്ചരിച്ച് ജനവികാരം മനസിലാക്കിയാണ് താൻ പ്രതികരിക്കുന്നത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി ഒരു ഘട്ടം കൂടിയാണ് ബാക്കിയുള്ളത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയും യോഗിയുടെ ഗൊരഖ്പൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഏഴാം ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്.
വോട്ടെണ്ണൽ പൂർത്തിയായ ശേഷം പ്രതിപക്ഷ പാർട്ടികൾ ചേരാനിരിക്കുന്ന യോഗം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ളതാണെന്നും അമിത് ഷാ പരിഹസിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 271 ബിജെപി ഒറ്റയ്ക്ക് മറി കടന്നിരുന്നു. 543 അംഗ സഭയിൽ 283 സീറ്റുകളാണ് ബിജെപി നേടിയത്. 30 വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു രാഷ്ട്രീയ പാർട്ടി ഭരിക്കാനുള്ള ഭൂരിപക്ഷം ഒറ്റയ്ക്ക് നേടുന്നത്. എൻഡിഎ മുന്നണിക്ക് ആകെ ലഭിച്ചത് 336 സീറ്റുകളാണ്. വോട്ടെണ്ണലിന് മുമ്പ് ബിജെപി വിരുദ്ധ മുന്നണിക്ക് രൂപം നൽകാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമം നടത്തുന്നതിനെയും അമിത് ഷാ പരിഹസിച്ചു. ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ മാത്രമെ അതിന്റെ ആവശ്യമുള്ളൂവെന്നും മുന്നൂറിൽ അധികം സീറ്റുകൾ നേടി ബിജെപി വിജയിക്കാൻ പോവുകയാണെന്നും അമിത് ഷാ പറഞ്ഞു. മൂന്നാം മുന്നണി രൂപീകരിക്കാനുള്ള പ്രാദേശിക പാർട്ടികളുടെ നീക്കവും ബിജെപിയെ ബാധിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾക്ക് അവരുടെ പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാനുള്ള അംഗബലം കിട്ടില്ലെന്നും അമിത് ഷാ പരിഹസിച്ചു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 2014ൽ വെറും 44 സീറ്റുകളാണ് നേടിയത്. എന്നാൽ 543 അംഗ സഭയിൽ 55 അംഗങ്ങളുള്ള പാർട്ടിക്ക് മാത്രമാണ് പ്രതിപക്ഷ പദവിക്ക് യോഗ്യതയുള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്ന ഭൂരിപക്ഷം അഭിപ്രായ സർവേകളും ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നതെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പറഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ ബിജെപി 300 കടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
ബിജെപി മുന്നൂറ് സീറ്റുകൾ നേടുമെന്നും എൻഡിഎ മുന്നണി 350ൽ അധികം സീറ്റുകൾ നേടുമെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അവകാശപ്പെടുന്നത്. അതേസമയം, ബിജെപിയുടെ സീറ്റ് നേട്ടത്തിൽ സഖ്യകക്ഷികൾക്ക് സംശയമുണ്ട്. ശിരോമണി അകാലിദൾ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്രാൾ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടില്ലെന്നാണ് പറയുന്നത്.
മറ്റൊരു സഖ്യകക്ഷിയായ ശിവസേനയും സമാനമായ ആശങ്കയാണ് പങ്കുവെച്ചത്. ബിജെപിയുടെ സീറ്റ് നേട്ടം 280ന് മുകളിൽ പോകാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് അഭിമുഖത്തിൽ വ്യക്തമാക്കിയത്.