- ഇന്ത്യക്ക് ഒന്നാം സ്ഥാനം
യുണൈറ്റഡ് നാഷൻസ്- വിദേശത്ത് ജോലി ചെയ്യുന്നവർ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ പത്തു വർഷത്തിനിടെ ഇരട്ടിയായി വർധിച്ചു. 2007-2016 കാലയളവിൽ വിദേശത്ത് ജോലി തേടി പോകുന്നവരുടെ എണ്ണം 28 ശതമാനം കണ്ട് വളർന്നപ്പോൾ അവർ അയക്കുന്ന പണത്തിന്റെ തോതിൽ 51 ശതമാനത്തിന്റെ വളർച്ചയാണുണ്ടായതെന്ന് യുഎൻ ഇന്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾച്ചർ ഡെവലപ്‌മെന്റ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ വിദേശ ഇന്ത്യക്കാരുടെ വരുമാനത്തിൽ ഇന്ത്യ ഒന്നാമതെത്തി. വിദേശ ഇന്ത്യക്കാർ കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് അയച്ചത് 6270 കോടി ഡോളറാണ് (നാലു ലക്ഷം കോടിയോളം രൂപ). ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 6100 കോടി ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. 3000 കോടി ഡോളറുമായി ഫിലിപ്പൈൻസാണ് മൂന്നാം സ്ഥാനത്ത്. അതിനു പിന്നിൽ മെക്‌സികോയും പാക്കിസ്ഥാനുമാണ്.
ആഗോള തലത്തിൽ 20 കോടി ആളുകൾ പുറംരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. 80 കോടി കുടുംബങ്ങളാണ് ഇവരെ ആശ്രയിച്ചു കഴിയുന്നത്. ഇവർ സ്വന്തം രാജ്യങ്ങളിലേക്ക് കഴിഞ്ഞ വർഷം അയച്ചത് 44,500 കോടി ഡോളറായിരുന്നു. നിക്ഷേപത്തിന്റെ 80 ശതമാനം ലഭിച്ചത് ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങൾക്കാണ്.
2007 ൽ വിദേശ ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയച്ചത് 3720 കോടി ഡോളറായിരുന്നു. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതാണിപ്പോൾ ഇരട്ടിയായി വർധിച്ച് ഒന്നാം സ്ഥാനത്തെത്താൻ സഹായിച്ചത്. ഏഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ മറ്റു വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് -7.7 കോടി. മൊത്തം നിക്ഷേപത്തിന്റെ 55 ശതമാനവും എത്തുന്നത് ഏഷ്യൻ രാജ്യങ്ങളിലാണ്. വികസ്വര രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന തുകയിൽ 10 വർഷത്തിനുള്ളിൽ 51 ശതമാനം വളർച്ചയുമുണ്ടായി.
ലോകത്തെ ഏഴിൽ ഒരാൾ വിദേശത്തുനിന്ന് പണം അയക്കുന്നവരിലോ സ്വീകരിക്കുന്നവരിലോ പെട്ടവരാണ്. വിദേശ തൊഴിലാളികൾ അയക്കുന്ന പണത്തിന്റെ 40 ശതമാനവും ഗ്രാമങ്ങളിലാണ് എത്തുന്നത്. ഇത് ഗ്രാമങ്ങളുടെ മുഖഛായ മാറ്റുന്നതിന് സഹായകമായിട്ടുണ്ട്. ഈ തുകയിൽ അധികവും ഉപയോഗിക്കുന്നത് ഭക്ഷണത്തിനും കുട്ടികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും വീടുകളുടെ നിർമാണം, അറ്റകുറ്റപ്പണി, സാനിറ്റേഷൻ തുടങ്ങിയവക്കുമാണ്. 2015-2030 കാലയളവിനുള്ളിലായി 6.5 ട്രില്യൺ ഡോളർ കുറഞ്ഞ-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ എത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശികൾ അയക്കുന്ന പണത്തിന്റെ പകുതിയും അമേരിക്ക, സൗദി അറേബ്യ, റഷ്യ, യു.എ.ഇ, ജർമനി, കുവൈത്ത്, ഫ്രാൻസ്, ഖത്തർ, യുണൈറ്റഡ് കിംഗ്ഡം, ഇറ്റലി എന്നീ പത്തു രാജ്യങ്ങളിൽനിന്നുമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.