കൊളംബോ- ശ്രീലങ്കയില്‍ ആരംഭിച്ച മുസ്ലിം വിരുദ്ധ കലാപം രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിച്ചതാെണന്ന് രാഷ്ട്രീയ നിരീക്ഷകന് വിക്ടര്‍ ഇവന് അഭിപ്രായപ്പെട്ടു. അസ്ഥിരത കാരണം സര്‍ക്കാര്‍ ദുര്‍ബലമായാല്‍ അതു നേട്ടമാകുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിനുശേഷം ജനങ്ങളില്‍ വിശ്വാസം പുനഃസ്ഥാപിക്കുന്നതില്‍ പ്രതിപക്ഷമടക്കം രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രാജ്യത്തെ ഭൂരിപക്ഷ ബുദ്ധ സിംഹള വംശജനായ അമിത് വീരസിംഗെയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സെന്‍ട്രല്‍ കാന്‍ഡിയില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപത്തില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു.
പുറമെ നിന്നെത്തിയവരാണ് ആക്രമണം തുടങ്ങിയതെന്നും പിന്നീട് പ്രദേശവാസികള്‍ ചേരുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു. വേണ്ടത്ര പോലീസും സുരക്ഷാ സൈനികരും സ്ഥലത്തുണ്ടായിരുന്നില്ല. വളരെ വൈകിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് പോലീസ് ആകാശത്തേക്ക് വെടിവെച്ചത്. ഒരു പാസ്റ്റ ഫാക്ടറിയിലേക്ക് ടയറുകള്‍ കത്തിച്ച് എറിഞ്ഞിട്ടും തീ കെടുത്താന്‍ പോലീസും സൈനികരും ഒന്നും ചെയ്തില്ലെന്ന് പരാതിയുണ്ട്. കത്തിയ ഫാക്ടറിയില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റതായി ഉടമ അശ്റഫ് ജിഫ്തി പറഞ്ഞു. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ രണ്ടു ദിവസവും തുടര്‍ച്ചയായി പള്ളികള്‍ക്കുനേരെ ആക്രമണം നടന്നു. കിനിയാമയില്‍ പോലീസും സൈന്യവും നോക്കിനില്‍ക്കെ രണ്ടു പള്ളികള്‍ തകര്‍ത്തു. രണ്ടായിരത്തോളം പേരാണ് പള്ളി വളഞ്ഞതെന്നും പള്ളിയിലുണ്ടായിരുന്ന എല്ലാം തകര്‍ത്തുവെന്നും ഇമാം എം.ഐ.എം സിദ്ദീഖ് എ.എഫ്.പിയോട് പറഞ്ഞു.