ന്യൂദല്‍ഹി- വാട്‌സാപ്പിലെ വോയ്‌സ് കോള്‍ സംവിധാനത്തിലെ സാങ്കേതിക പഴുതിലൂടെ രഹസ്യമായി ഫോണുകളിലേക്ക് കയറി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ചാര സോഫ്റ്റ്‌വെയറിനെ കണ്ടെത്തി. രഹസ്യമായി കയറിക്കൂടി ഫോണിലെ കോള്‍ ലോഗ്, ഇ-മെയിലുകള്‍, മെസേജുകള്‍, ഫോട്ടോകള്‍ എല്ലാം അടിച്ചു മാറ്റുന്ന ഈ സ്‌പൈവെയര്‍ ഇസ്രാഈലി സൈബര്‍ ഇന്റലിജന്‍സ് കമ്പനയായ എന്‍എസ്ഒയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വോയ്‌സ് കോള്‍ സംവിധാനത്തിലെ ബഗ് കണ്ടെത്തിയ ഉടന്‍ വാട്‌സാപ്പ് അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്ത് പഴുതടച്ചിട്ടുണ്ട്. സ്മാര്‍ട്‌ഫോണില്‍ വാട്‌സാപിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപയോഗക്താക്കള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഇല്ലെങ്കിലും അപകടമാണെന്നും കമ്പനി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മേയ് 10-നാണ് ഈ പിഴവ് വാട്‌സാപ്പ് ശരിയാക്കിയത്.
ഈ 'ഇസ്രാഈലി ചാരന്‍' നിങ്ങളുടെ വാട്‌സാപ്പിനുള്ളില്‍ കയറിക്കൂടിയിട്ടുണ്ടെങ്കിലും ഒരൊറ്റ കോള്‍ മതിയാകും, നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോരാന്‍. കോളുകള്‍ ഇങ്ങോട്ടു വന്നാലും അപകടമാമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മിസ്ഡ് കോളായാലും വിവരങ്ങള്‍ ചോര്‍ത്തും. വാട്‌സാപ്പിലെ കോള്‍ ലോഗ്‌സില്‍ നിന്ന് കോളുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. സംശയാസ്പദമായ കോളുകള്‍ വന്നിട്ടുണ്ടോ എന്നു തിരിച്ചറിയാനുള്ള വഴി പോലും ഇത് അടക്കുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വാട്‌സാപ് ഉടനടി അപ്‌ഡേറ്റ് ചെയ്യുകയെ നിവൃത്തിയുള്ളൂ.
ഇസ്രാഈല്‍ സര്‍ക്കാരിനു വേണ്ടിയടക്കം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് എന്‍എസ്ഒ. മൊബൈല്‍ ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടമ അറിയാതെ നിയന്ത്രിക്കുന്ന സ്‌പൈവെയറുകള്‍ ഇവര്‍ക്കു വേണ്ടി ഉണ്ടാക്കി നല്‍കുകയാണ് കമ്പനി ചെയ്യുന്നതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു.
ആന്‍ഡ്രോയ്ഡില്‍ v2.19.134 പതിപ്പിനും ഐഒഎസില്‍ v2.19.51 പതിപ്പിനു മുമ്പുള്ള എല്ലാ വാട്‌സാപ്പുകളേയും ഈ സൈബര്‍ ആക്രമണം ബാധിച്ചിട്ടുണ്ടാകാം. അതുകൊണ്ട് ഈ പതിപ്പുകള്‍ക്ക് ശേഷമുള്ള അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക.