Sorry, you need to enable JavaScript to visit this website.

മരുന്നുകളും വെജിറ്റേറിയനാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂദല്‍ഹി- മൃഗങ്ങളില്‍ നിന്നെടുക്കുന്ന വസ്തുക്കള്‍കൊണ്ട് ഉണ്ടാക്കുന്ന ക്യാപ്‌സൂളുകള്‍ക്കു പകരം സസ്യ ക്യാപ്‌സൂളുകള്‍ വ്യാപകമാക്കുന്നതിനെ കുറിച്ച് പഠനം നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സിമിതി മരുന്നു കമ്പനികളില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നു നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടി. വനിതാ ശിശുക്ഷേമകാര്യ മന്ത്രിയും പ്രമുഖ മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഒരു വര്‍ഷം മുമ്പ് നിയോഗിച്ച വിദഗ്ധ സമിതി മൃഗാംശങ്ങള്‍ അടങ്ങിയ ജലാറ്റിന്‍ ക്യാപ്‌സൂകള്‍ പൂര്‍ണമായും ഒഴിവാക്കി സസ്യങ്ങളില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ച് ക്യാപ്‌സ്യൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍  ആരോഗ്യ മന്ത്രാലയത്തിനു നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചു നടക്കുന്ന നീക്കങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ആണു പുറത്തു വിട്ടത്. 

മൃഗങ്ങളുടെ അസ്ഥി, ചര്‍മം, സന്ധി കോശങ്ങള്‍ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ജലാറ്റിന്‍ ഉപയോഗിച്ചാണ് വിപണിയില്‍ ലഭ്യമായ ക്യാപ്‌സൂളുകളില്‍ 98 ശതമാനവും നര്‍മ്മിച്ചിട്ടുള്ളത്. അസോസിയേറ്റഡ് ക്യാപ്‌സൂള്‍സ്, അമേരിക്കന്‍ ക്യാപ്‌സുജെല്‍ എന്നീ രണ്ടു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മാത്രമാണ് നിലവില്‍ സസ്യ ക്യാപ്‌സൂളുകള്‍ നിര്‍മ്മിക്കുന്നത്. 

വെജിറ്റേറിയന്‍ ആഹാരം മാത്രം ശീലമാക്കിയ ദശലക്ഷക്കണക്കിനാളുകളെ ജലാറ്റിന്‍ ക്യാപ്‌സൂളുകള്‍ കഴിപ്പിക്കുന്നത് അവരുടെ മത വികാരം വൃണപ്പെടുത്തുന്നതാണെന്നും പലരും ഇതുകരാണം ക്യാപ്‌സൂള്‍ കഴിക്കുന്നത് ഒഴിവാക്കുകയാണെന്നും ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ മേനക ചൂണ്ടിക്കാട്ടിയിരുന്നു. ബദല്‍ മാര്‍ഗമുണ്ടെന്നിരിക്കെ മൃഗ കോശങ്ങളില്‍ നിന്നുണ്ടാക്കിയ ജലാറ്റിന്‍ ക്യാപ്‌സൂളുകള്‍ കഴിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത്.  ജൈന സമുദായത്തില്‍ നിന്നും മറ്റും ലഭിച്ച നിവേദനങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും മേനകയുടെ കത്തില്‍ പറഞ്ഞിരുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  സസ്യ ക്യാപ്‌സൂളുകള്‍ അവതരിപ്പിക്കുന്നതു സംബന്ധിച്ച് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായും ആരോഗ്യ മന്ത്രി നദ്ദ ചര്‍ച്ച നടത്തിയി്ട്ടുമുണ്ട്. 

അതേസമയം ഈ നീക്കത്തിനെതിരെ മരുന്ന് ഉല്‍പ്പാദകരില്‍ നിന്ന് എതിര്‍പ്പുയര്‍ന്നേക്കും. സസ്യ ഘടകങ്ങള്‍ അടിസ്ഥാനമാക്കി ക്യാപ്‌സൂള്‍ നിര്‍മ്മാണം ജലാറ്റിന്‍ ക്യാപ്‌സൂള്‍ നിര്‍മ്മാണത്തേക്കാള്‍ മൂന്നിരട്ടിയോളം ചെലവേറിയതാണെന്ന് ഉല്‍പ്പാദകര്‍ ചൂണ്ടിക്കാട്ടുന്നു. സസ്യ ക്യാപ്‌സൂളുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംബന്ധിച്ചും ശാസ്ത്രീയ പഠനങ്ങളും കാര്യമായി നടന്നിട്ടില്ല. സസ്യങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ക്യാപ്‌സൂളുകളില്‍ വെജിറ്റേറിയന്‍ എന്നു സൂചിപ്പിക്കുന്ന അടയാളം പതിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് കഴിഞ്ഞ മാസം തള്ളിയിരുന്നു. ഭക്ഷണം പോലെ ഉപഭോക്താവിന്‍റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതാണ് മരുന്നുകളെന്നും മരുന്നുകളെ വെജ്, നോണ്‍വെജ് എന്ന് വേര്‍ത്തിരിക്കുന്നത് അബദ്ധമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

Latest News